മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് നിർദ്ദേശിച്ചിട്ടില്ലെന്ന് എംകെ മുനീർ. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുസ്ലിം ലീഗ് ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങൾ ഇക്കൂട്ടർ ആണ് ഇപ്പോൾ നിശ്ചയിക്കുന്നതെന്നും മുനീർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് നിർദ്ദേശിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ലീഗ് നേതാവ് എം കെ മുനീർ. ജന വികാരത്തെകുറിച്ചുള്ള ചോദ്യത്തോട് സാദിഖ് അലി തങ്ങൾ പ്രതികരിച്ചതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ ലീഗുമായി ചർച്ച നടത്തുന്നതാണ് കീഴ്വഴക്കം. സംസ്ഥാനത്ത് ഉണ്ടായത് ന്യൂനപക്ഷ ഏകീകരണം അല്ല മറിച്ച് മതേതര വോട്ടുകളുടെ ഏകീകരണമാണെന്നും എംകെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുസ്ലിം ലീഗിന്റെ പേരിൽ അനാവശ്യ ഭീതി പരത്താനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. ദേശവ്യാപകമായി നടപ്പാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുസ്ലിം ലീഗ് ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങൾ ഇക്കൂട്ടർ ആണ് ഇപ്പോൾ നിശ്ചയിക്കുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണം എന്നതിൽ സാദിഖ് അലി തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും എം കെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.