ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം പറയുന്ന രീതി പാണക്കാട്ട് പതിവില്ല. താൻ ചെയ്തത് തെറ്റാണെന്ന് മുഈൻ അലിക്ക് ബോധ്യപ്പെട്ടു. പാർട്ടി ഉന്നതാധികാര സമിതി തീരുമാനം മുഈൻ അലിയെ അറിയിച്ചു എന്നും ലീ​ഗ് നേതാക്കൾ പറഞ്ഞു.

കോഴിക്കോട്: പാർട്ടി നേതാക്കൾക്കെതിരെ വിമർശനമുന്നയിച്ച് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മുഈൻ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് മുസ്ലീം ലീ​ഗിന്റെ വിലയിരുത്തൽ. മുഈൻ അലിക്കെതിരായ നടപടി ഹൈദരാലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ലീ​ഗ് നേതാക്കൾ പറഞ്ഞു. 

മുഈൻ അലി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ഉചിതമായില്ല. മുഈൻ അലിക്കെതിരായ നടപടി സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം പറയുന്ന രീതി പാണക്കാട്ട് പതിവില്ല. താൻ ചെയ്തത് തെറ്റാണെന്ന് മുഈൻ അലിക്ക് ബോധ്യപ്പെട്ടു. പാർട്ടി ഉന്നതാധികാര സമിതി തീരുമാനം മുഈൻ അലിയെ അറിയിച്ചു എന്നും ലീ​ഗ് നേതാക്കൾ പറഞ്ഞു.

നടപടി ഒഴിവാക്കാൻ പാണക്കാട് കുടുംബം മുഈനലിക്ക് മുന്നിൽ നിർദ്ദേശം വച്ചതായാണ് വിവരം. സംഭവിച്ച തെറ്റ് അംഗീകരിക്കണമെന്നാണ് നിർദ്ദേശം. രേഖാമൂലം ഖേദം പ്രകടിപ്പിക്കണം. പാണക്കാട് കുടുംബത്തിൻ്റെ പരമ്പര്യത്തിനും രീതിക്കും എതിരായ നിലയിൽ പ്രവർത്തിക്കരുത്.
നിർദ്ദേശം മുഈൻ അലി തങ്ങൾ അംഗീകരിച്ചെന്നാണ് സൂചന. വിഷയത്തിൽ നാളെ അന്തിമ തീരുമാനം അറിയാം. 

ചന്ദ്രിക ദിനപത്രത്തിനെതിരായ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. മുസ്ലീം ലീ​ഗിൽ വിഭാ​ഗീയത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയ പ്രവർത്തകൻ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായും ലീ​ഗ് നേതാക്കൾ അറിയിച്ചു. മുഈൻ അലിയെ അസഭ്യം പറഞ്ഞതിനാണ് നടപടി. 

കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർക്കെതിരെ മുഈൻ അലി നടത്തിയ വിമർശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ചു. ലീഗിൽ നിന്ന് എല്ലാമായിട്ട് പാർട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‍ലസ് എന്നടക്കം വിളിച്ചുപറഞ്ഞു. പ്രകോപനമുണ്ടായതോടെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

റാഫി പുതിയകടവ് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ്. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാർത്ത നൽകിയതിനെത്തുടർന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona