Asianet News MalayalamAsianet News Malayalam

പാനൂർ മേഖലയിൽ രാത്രി വൈകിയും സംഘർഷം; സിപിഎം ഓഫീസുകള്‍ക്ക് തീവച്ചു, ജില്ലാ കളക്ടര്‍ വിളിച്ച സമാധാന യോഗം ഇന്ന്

ഇന്നലെ രാത്രി മൻസൂറിന്‍റെ വിലാപ യാത്രയ്ക്കിടെ മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നു. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു. 

muslim league worker murder case peace meeting in kannur
Author
Kannur, First Published Apr 8, 2021, 6:43 AM IST

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ടി വി സുഭാഷ് ഇന്ന് സമാധാന യോഗം വിളിച്ചു. രാവിലെ പതിനൊന്ന് മണിക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നടക്കും. ഇന്നലെ രാത്രി മൻസൂറിന്‍റെ വിലാപ യാത്രയ്ക്കിടെ മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നു. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു. മൻസൂറിന്‍റെ വീട്ടിലെക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു. സിപിഐ എം ജില്ല സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, പി ഹരീന്ദ്രൻ, കെപി മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ എട്ടരയോടെ ലീഗുക്കാർ അക്രമിച്ച ഓഫീസുകളും, വീടുകളും സന്ദർശിക്കും. മൻസൂറിന്‍റെ മൃതദേഹം ഇന്നലെ രാത്രി 8.45 ഓടെ ഖബറടക്കി. 

വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ  22 കാരൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല. കേസിൽ ഒരു സിപിഎം പ്രവ‍ർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്നല രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios