മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ വീടിന് മുന്നിലെ മതിലില്‍ വരിച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായിമുസ്ലീം യൂത്ത് ലീഗ്. കാര്‍ട്ടൂണിലെ ആശയം മുസ്ലീം സമുദായത്തില്‍ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്നാണ് യൂത്ത് ലീഗിന്‍റെ പരാതി. കാര്‍ട്ടൂൺ കറുത്ത തുണികൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറച്ചു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണുകള്‍ വരച്ചത്. കൊവിഡ് ബോധവത്ക്കരണത്തിന്‍റെ ഭാഗമായിരുന്നു ഇത്. മതിലിലെ ഈ കാര്‍ട്ടൂണാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധം വാക്കുകളിലൊതുക്കുക മാത്രമല്ല മറ്റാര്‍ക്കും ഇനി കാണാനാവാത്തവിധം കാര്‍ട്ടൂണ്‍ മറക്കുകയും ചെയ്തു യൂത്ത് ലീഗ്. എന്നാല്‍ ആരേയും മോശക്കാരാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു. 

കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്ന് യൂത്ത് ലീഗും ഒരോ ജില്ലയിലേയും പശ്ചാത്തലത്തിലാണ് അതത് ജില്ലകളില്‍ വിഷയം നിശ്ചയിച്ചതെന്ന നിലപാടില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും ഉറച്ചു നില്‍ക്കുകയാണ്. ഇതില്‍ തീരുമാനമാകുന്നതുവരെ കാര്‍ട്ടൂണ്‍ ഇങ്ങനെ കറുത്ത തുണിയില്‍ മറഞ്ഞിരിക്കും.