ഹർജിയിൽ അടുത്ത മാസം വാദം കേട്ടാൽ പോരെ എന്ന് കോടതി ചോദിച്ചു. വേഗം തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു

കൊച്ചി: മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് പോകൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് തുടരന്വേഷണത്തെ ബാധിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം സർക്കാർ ഉത്തരവ് അനുസരിച്ച് മാത്രമാണ് മരം മുറിച്ചതെന്നും ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് തങ്ങളെ വേട്ടയാടുകയാണെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു.

ഹർജിയിൽ അടുത്ത മാസം വാദം കേട്ടാൽ പോരെ എന്ന് കോടതി ചോദിച്ചു. വേഗം തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. 600 കോടിയുടെ ഈട്ടി മരങ്ങൾ വയനാട്ടിൽ നിന്ന് മുറിച്ചുകടത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ ഇന്ന് വാദിച്ചു. കടത്തിയത് ആരാണെന്ന് വിശദമായ വാദത്തിൽ പറയാമെന്നും അവർ വ്യക്തമാക്കി. 

അതേസമയം വയനാട്ടില്‍ നഷ്ടമായ ഈട്ടിമരങ്ങളെല്ലാം പിടികൂടിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും മുട്ടില്‍ സൗത്ത് വില്ലേജിൽ മാത്രം കൊള്ളക്കാര്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ മരങ്ങളാണ്. പൊന്തക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മരങ്ങള്‍ പിടികൂടാനോ, മുറിച്ചതിന് കേസെടുക്കാനോ ഉദ്യോഗസ്ഥര്‍ ഇതുവരെ തയാറായിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി.

മുട്ടിലില്‍ 106 ഈട്ടിതടികള്‍ മുറിച്ചുവെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. ആദിവാസികളും കര്‍ഷകരുമടക്കം 45 പേര്‍ക്കെതിരെ കേസെടുത്തു. നാല് മരങ്ങളൊഴികെ മറ്റെല്ലാം കുപ്പാടിയിലെ ഡിപ്പോയിലെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുള്ളത്. എന്നാല്‍ വസ്തുത അതല്ല. മക്കിയാനികുന്നിൽ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച കൃഷിഭൂമിയിൽ നിരവധി ഈട്ടിത്തടികളാണ് മുറിച്ചിട്ടിരിക്കുന്നത്.

ഈട്ടി മരങ്ങളിലധികവും വാങ്ങിയവര്‍ കാട്ടിനുള്ളിൽ ഇത് ഒളിപ്പിച്ചിരിക്കുകയാണ്. പരിശോധനക്കെത്തുന്നവര്‍ ഇതൊന്നും കാണില്ല. ഇവിടെയും തുച്ചമായ പണം നല്‍കി മരം കൊള്ളക്കാർ കർഷകരെ വഞ്ചിച്ചു. മക്കിയാനികുന്നിലെ മറ്റൊരു പുരയിടത്തിൽ 10 ലക്ഷത്തിലധികം രൂപയുടെ മരം മുറിച്ചിട്ടിട്ടുണ്ട്. സംരക്ഷിത മരം മുറിച്ചാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ട ഉദ്യോഗസ്ഥര്‍, ഇതുവരെ നടപടി തുടങ്ങിയിട്ടില്ല.

മക്കിയാനിക്കുന്ന്, മുക്കം കുന്ന്, പാക്കം തുടങ്ങി ആറിലധികം സ്ഥലത്തു നിന്ന് കൂടി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് ഈട്ടിത്തടി കണ്ടെത്തനായി. മൊത്തം 75 ലക്ഷത്തിലധികം രൂപയുടെ സര്‍ക്കാർ സംരക്ഷിത മരങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരുന്നു. എല്ലാം മുറിച്ചു മാറ്റിയിട്ട് അഞ്ച് മാസത്തിലധികമായിട്ടില്ല. 125 കുറ്റി മരം മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് തന്നെ മുറിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ഉറപ്പിക്കുന്നുണ്ട്. പക്ഷെ നിലവില്‍ കേസുള്ളത് 106 ഈട്ടി തടികള്‍ക്ക് മാത്രമാണ്.