Asianet News MalayalamAsianet News Malayalam

വംശഹത്യ മാധ്യമവിലക്കിൽ ഇല്ലാതാകില്ല, ഡോക്യുമെന്ററി പ്രദർശിപ്പിക്കും; ജയിലിൽ പോകാനും തയ്യാറെന്ന് എംവി ജയരാജൻ

'ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്'

MV Jayarajan ready to go jail on BBC documentary row
Author
First Published Jan 24, 2023, 10:58 AM IST

കണ്ണൂർ: മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്. ഡോക്യുമെന്ററി പ്രദർശനത്തിന് സിപിഎം സംരക്ഷണം നൽകും. 

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വ്യക്തമാക്കി. സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്ററിയിൽ മതവിദ്വേഷമുണ്ടാക്കുന്ന ഒന്നും തന്നെയില്ല. രാജ്യവിരുദ്ധ പ്രവർത്തനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും വിവാദ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിൽ ഡിവൈഎഫ്ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദർശിപ്പിക്കും. വൈകിട്ട് 6.30 ന് കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് കണ്ണൂർ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ചതിനെതിരെ എബിവിപി പൊലീസിൽ പരാതി നൽകി. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ജെഎൻയുവിലെ വിദ്യാർഥികൾ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുമതി നൽകില്ലെന്ന് സർവകലാശാല ഉത്തരവിട്ടതിനാൽ പ്രദർശനം നടന്നില്ല. സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് പ്രദർശനം നടത്താനാണ് വിദ്യാർത്ഥി യൂണിയൻ ആലോചിക്കുന്നത്. പ്രദർശനം തടയില്ലെന്ന് ജെഎൻയുവിലെ എബിവിപി ഘടകവും വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios