വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ സർവ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ ബസിനെതിരെ ടാക്സി ഡ്രൈവർമാ‍ർ പ്രതിഷേധത്തെ തുടർന്നായിരുന്നു കർശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്.

മൂന്നാര്‍: മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടാർ വാഹന വകുപ്പ്. നാല് ദിവസത്തിനകം നടത്തിയ പരിശോധനയിൽ ഇതുവരെ ഏഴര ലക്ഷം രൂപയിലേറെയാണ് നിയമ ലംഘകർക്ക് പിഴ ചുമത്തിയത്. വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ സർവ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ ബസിനെതിരെ ടാക്സി ഡ്രൈവർമാ‍ർ പ്രതിഷേധത്തെ തുടർന്നായിരുന്നു കർശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്.

മൂന്നാറിൽ കെഎസ്ആ‍ർടിസിയുടെ റോയൽ വ്യൂ ‍ഡബിൾ ഡക്ക‍ർ ബസുകള്‍ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നാരോപിച്ച് ടാക്സി ഡ്രൈവ‍ർമാർ പ്രതിഷേധിച്ചിരുന്നു. മന്ത്രിക്ക് കരിങ്കൊടി കാണിക്കാനും ശ്രമിച്ചു. സംഭവത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, മൂന്നാറിലെ എല്ലാ ടാക്സികളും നിയമം പാലിക്കുമോയെന്ന് പരിശോധിക്കുമെന്ന് പ്രഖ്യാപനവും നടത്തി. ഇതോടെ, മൂന്നാർ മേഖലയിൽ വ്യാപക പരിശോധനയാണ്. നാല് ദിവസമായി തുടരുന്ന പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഞെട്ടിക്കുന്നതും. നികുതി ഒടുക്കാതെ, ഇൻഷുറൻസ് പുതുക്കാതെ നിരവധി വാഹനങ്ങളാണ് വിനോദ സഞ്ചാരികൾക്കായി സ‍ർവ്വീസ് നടത്തുന്നത്. 40 വാഹനങ്ങൾക്ക് ഇൻഷുറൻസില്ല. 37 വണ്ടികൾ ടാക്സും അടച്ചില്ല. ഫിറ്റ്നസില്ലാത്ത 17 വാഹനങ്ങൾ എംവിഡി പിടികൂടി. ആകേ 305 നിയമലംഘനങ്ങൾ.

Also Read: കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; അപകടത്തിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് വനംമന്ത്രി

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമലംഘനങ്ങളുടെ പട്ടിക ഉടൻ മന്ത്രിക്ക് കൈമാറും. നടപടിയിൽ കടുത്ത അമ‍ർഷത്തിലാണ് ഒരുവിഭാഗം ടാക്സി ഡ്രൈവർമാർ. ഇതുവരെ മോട്ടോർ വാഹന വകുപ്പ് കാണിച്ച അനാസ്ഥ തന്നെയാണ് മൂന്നാറിൽ നിയമ ലംഘനങ്ങൾ പെരുകാനുള്ള കാരണമെന്നാണ് ആരോപണം.

YouTube video player