30 വര്‍ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

30 വര്‍ഷം മുമ്പ് രണ്ട് യുഎസ് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ ശിക്ഷിക്കാനുറച്ച് അമേരിക്ക. റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ചടങ്ങുമായി ബന്ധപ്പെട്ട് ബുധനാഴ്ച മിയാമിയില്‍ പ്രഖ്യാപനം നടത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്്. റൗള്‍ കാസ്‌േട്രായ്‌ക്കെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ് ഉണ്ടാവുക എന്നാണ് സൂചന. ട്രംപ് ഭരണകൂടം ക്യൂബയ്ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും, ഉപരോധങ്ങള്‍ ശക്തമാക്കുകയും, എണ്ണ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

അമേരിക്കയിലെ മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ' എന്ന സന്നദ്ധ സംഘടനയുടെ വിമാനങ്ങളാണ് 1996-ല്‍ വെടിവച്ചിട്ടത്. ഈ സംഭവമാണ് ക്യൂബയ്ക്കെതിരെ ഇന്നും നിലനില്‍ക്കുന്ന ദീര്‍ഘകാല ഉപരോധത്തിന് കാരണമായത്. ഈ സംഭവം നടക്കുമ്പോള്‍ ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗള്‍ കാസ്‌ട്രോ.

1996-ല്‍ എന്താണ് സംഭവിച്ചത്?

അമേരിക്ക കേന്ദ്രമായി ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ പ്രവാസിയായ ജോസ് ബാസുല്‍ത്തോയാണ് 1991 മെയ് മാസത്തില്‍ 'ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ' കൂട്ടായ്മ സ്ഥാപിച്ചത്. ക്യൂബയില്‍നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നതിനിടെ ഗ്രെഗോറിയ പെരസ് റിക്കാര്‍ഡോ എന്ന ക്യൂബന്‍ കൗമാരക്കാരന്‍ നിര്‍ജ്ജലീകരണം മൂലം മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചത്. 1990-കളില്‍, യുഎസിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്യൂബക്കാരെ സഹായിക്കാന്‍ നും 'ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ' സ്ഥിരമായി വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. ക്യൂബന്‍ അമേരിക്കന്‍ പൈലറ്റുമാരായിരുന്നു ഇതിലുണ്ടായിരുന്നത്.

അത്തരമൊരു ദൗത്യത്തിനിടെയാണ് സംഘടനയുടെ രണ്ട് വിമാനങ്ങള്‍, 1996 ഫെബ്രുവരി 24-ന് ക്യൂബന്‍ തീരത്തിന് സമീപം ക്യൂബന്‍ സേന വെടിവച്ചിട്ടത്. മൂന്ന് അമേരിക്കന്‍ പൗരന്മാരും യു.എസിലെ ഒരു സ്ഥിരതാമസക്കാരനും ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. മൂന്നാമതൊരു വിമാനം രക്ഷപ്പെട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാറിന് എതിരെ അട്ടിമറി നടത്താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബദേഴ്‌സ് ടു ദി റെസ്‌ക്യൂ എന്നാണ് അന്ന് ക്യൂബ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ യു.എസ് നിഷേധിച്ചു.

ആരോപണങ്ങള്‍, പ്രത്യാരോപണങ്ങള്‍

വിമാനങ്ങള്‍ വെടിവച്ചിട്ട നടപടിയെ യു.എസ് ഉടനടി അപലപിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ക്യൂബയ്ക്കെതിരെയുള്ള ഉപരോധങ്ങള്‍ കര്‍ശനമാക്കുന്ന ക്യൂബന്‍ ലിബര്‍ട്ടി ആന്‍ഡ് ഡെമോക്രാറ്റിക് സോളിഡാരിറ്റി ആക്റ്റില്‍' അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഒപ്പുവെച്ചു. ഈ നിയമം ഇന്നും നിലനില്‍ക്കുന്നു.

വിമാനങ്ങള്‍ വെടിവച്ചിടാന്‍ ഉത്തരവ് നല്‍കിയത് താനാണെന്ന് വ്യക്തമാക്കി ഫിദല്‍ കാസ്‌ട്രോ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വിമാനങ്ങള്‍ വെടിവച്ചിട്ടത് അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയിലാണെന്ന് അമേരിക്കയും അല്ലെന്ന് ക്യൂബയും അവകാശപ്പെട്ടു.

വിമാനങ്ങള്‍ പുറപ്പെടുന്നതുള്‍പ്പടെ വിവരങ്ങള്‍ ക്യൂബന്‍ ഗവണ്‍മെന്റിന് ചോര്‍ത്തി നല്‍കിയ കുറ്റത്തിന് 1998-ല്‍ അഞ്ച് ക്യൂബന്‍ പൗരന്‍മാര്‍ അമേരിക്കയില്‍ അറസ്റ്റിലാവുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ബരാക് ഒബാമ പ്രസിഡന്റായിരിക്കെ ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇവരെ മോചിപ്പിച്ചു; പകരമായി ഹവാന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ട്രാക്ടറായ അലന്‍ ഗ്രോസിനെ ക്യൂബയും മോചിപ്പിച്ചു.

ക്യൂബന്‍-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ അന്നുമുതല്‍ റൗള്‍ കാസ്‌ട്രോയ്ക്കെതിരെ കുറ്റം ചുമത്താന്‍ യുഎസ് നീതിന്യായ വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ക്യൂബക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും അതിന് റൗള്‍ കാസ്‌ട്രോ ശിക്ഷിക്കപ്പെടരുതെന്നും അവര്‍ തറപ്പിച്ചുപറയുന്നു.