Asianet News MalayalamAsianet News Malayalam

Pinarayi : 'ഏതെല്ലാം കക്ഷികൾക്കൊപ്പമാണ്‌ കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്‌'; മറുപടിയുമായി നജീബ് കാന്തപുരം

'നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത്‌ മോദിസമാണ്‌. താങ്കൾക്കിപ്പോൾ ചേരുന്നത്‌ ഏത്‌ പട്ടമാണെന്ന് ജനങ്ങൾക്ക്‌ നന്നായറിയാം'

Najeeb Kanthapuram mla facebook post against Pinarayi viayan
Author
Perintalmanna, First Published Dec 14, 2021, 5:57 PM IST

മലപ്പുറം: വഖഫ് (Waqf board) വിഷയത്തില്‍ മുസ്ലീം ലീഗിനെ(Muslim League) മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) കടന്നാക്രമിക്കുകയാണ്. ലീഗ് വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും (UDF) വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും പിണറായി വിജയന്‍ ഇന്ന്  ആരോപിച്ചിരുന്നു.മുസ്ലിം ലീഗ്  ഇതിനായി  നവമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു. എന്നാല്‍ പിണറായി ലീഗിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് പൂമാലാകളാണെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

നിങ്ങൾ എണ്ണിത്തരുന്നത്‌ വാങ്ങിക്കഴിച്ച്‌ നിങ്ങളുടെ ചിറകിനടിയിൽ ഒരു സമുദായം നിൽക്കണമെന്ന  ധിക്കാരപരമായ നിലപാട്‌ ആരും പരിഗണിക്കില്ല. ഭരണഘടനക്കും നിയമ സംവിധാനങ്ങൾക്കും എതിരെയാണ്‌ നിങ്ങൾ നിയമമുണ്ടാക്കിയത്‌‌. അത്‌ തെറ്റാണെന്നും തിരുത്തണമെന്നുമാണ്‌ ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നത്‌.  മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച താങ്കൾ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികൾക്കൊപ്പമാണ്‌ കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്‌. ലീഗ്‌ അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ- നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് നടന്ന മുസ്ലീം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനത്തിന് ശേഷം സര്‍ക്കാരും ലീഗും തുറന്ന പോരിലാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനിമെതിരെ വ്യക്തിപരമായി അധികേഷപങ്ങള്‍ നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി നേരിട്ട് തന്നെ ലീഗിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. മുസ്ലീം തീവ്രവാദികളുടെ നിലപാടുകൾ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ പിണറായി തുറന്നടിച്ചു . ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിന്‍റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ഇക്കാര്യം സാധാരണക്കാരയ മുസ്ലീംലീഗ് പ്രവർത്തകർ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. 

നജീബ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ബഹുമാന്യനായ മുഖ്യമന്ത്രീ,
താങ്കൾ മുസ്ലിം ലീഗിനെതിരെ നടത്തുന്ന ഓരോ വിമർശനവും ഞങ്ങൾ പൂമാലകളായി സ്വീകരിക്കുന്നു. നിങ്ങൾ എണ്ണിത്തരുന്നത്‌ വാങ്ങിക്കഴിച്ച്‌ നിങ്ങളുടെ ചിറകിനടിയിൽ ഒരു സമുദായം നിൽക്കണമെന്ന  ധിക്കാരപരമായ നിലപാട്‌ ആരു പരിഗണിക്കാൻ. സ്വന്തം അസ്തിത്വവും ആത്മാഭിമാനവും അതിലേറെ അവകാശ ബോധവുമുള്ള ഒരു ജനതയാണ്‌ കേരളത്തിലെ മുസ്ലിംകൾ. ഞങ്ങൾ നീതിയാണ്‌ ആവശ്യപ്പെട്ടത്‌. 
താങ്കൾ ഇരട്ട നീതിയാണ്‌ നടപ്പാക്കിയത്‌. 

ഭരണഘടനക്കും നിയമ സംവിധാനങ്ങൾക്കും എതിരെയാണ്‌ നിങ്ങൾ നിയമമുണ്ടാക്കിയത്‌‌. അത്‌ തെറ്റാണെന്നും തിരുത്തണമെന്നുമാണ്‌ ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നത്‌. മുസ്ലിം ലീഗിനെ തകർക്കാൻ എന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച താങ്കൾ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികൾക്കൊപ്പമാണ്‌ കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്‌. ലീഗ്‌ അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. 

നിങ്ങൾ ലീഗിനു നേരെ വിരൽ ചൂണ്ടി മുസ്ലിം സമുദായത്തെ നിശബ്ദമാക്കാമെന്നാണ്‌ വ്യാമോഹിക്കുന്നത്‌. അത്‌ നടപ്പില്ല മുഖ്യമന്ത്രീ...
അങ്ങേക്ക്‌ ഈ സമുദായത്തെക്കുറിച്ചും മുസ്ലിം ലീഗ്‌ പാർട്ടിയെക്കുറിച്ചും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് മാത്രമെ പറയാനുള്ളൂ. 
നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത്‌ മോദിസമാണ്‌. താങ്കൾക്കിപ്പോൾ ചേരുന്നത്‌ ഏത്‌ പട്ടമാണെന്ന് ജനങ്ങൾക്ക്‌ നന്നായറിയാം.. 

Follow Us:
Download App:
  • android
  • ios