Asianet News MalayalamAsianet News Malayalam

തിരൂര്‍-പൊന്നാനി പുഴ സംരക്ഷണത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടല്‍

മാലിന്യം തള്ളി തിരൂര്‍-പൊന്നാനി പുഴയെ നശിപ്പിക്കുന്നുവെന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു. 

National Green Tribunal take action to protect river
Author
Thiroor, First Published Jul 13, 2019, 6:56 PM IST

തിരൂര്‍: മാലിന്യം തള്ളി തിരൂര്‍-പൊന്നാനി പുഴയെ നശിപ്പിക്കുന്നുവെന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു. പുഴ സംരക്ഷിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി.

തിരൂരിലെ പരിസ്ഥതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടലുണ്ടായത്. മാലിന്യം തള്ളിയും, കയ്യേറിയും, മീൻ വളര്‍ത്താന്‍ ഒഴുക്ക് തടഞ്ഞുമൊക്കെ പുഴയെ നശിപ്പിക്കുന്നതിനെതിരെ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും അലവിക്കുട്ടി നിരവധി പരാതികള്‍ നല്‍കിയിരുന്നു.

പരിഹാരമില്ലാതെ വന്നതോടെ അദ്ദേഹം പുഴ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി തിരൂരിലെത്തി നേരിട്ട് തെളിവെടുത്തു. 

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയായി കക്കൂസ് മാലിന്യങ്ങളടക്കമുള്ളത് പുഴയിലേക്ക് തള്ളുന്നത് സമിതിക്ക് ബോധ്യപെട്ടു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് പരാതിയുയര്‍ന്ന മത്സ്യ-മാസ മാര്‍ക്കറ്റും സമിതി പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട്  വൈകാതെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കുമെന്ന് സമിതി അറിയിച്ചു. 


 

Follow Us:
Download App:
  • android
  • ios