Asianet News MalayalamAsianet News Malayalam

ചരിത്ര കോൺഗ്രസ് പരിപാടിയിൽ ഗവർണറുടെ ഓഫീസ് മാറ്റം വരുത്തി; വിസിയുടെ വാദങ്ങൾ തള്ളി സംഘാടകർ

  • ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ
  • ചരിത്ര കോൺഗ്രസിൽ പരിപാടികൾ തീരുമാനിച്ചത് ഗവർണറുടെ ഓഫീസിന്റെ അനുമതി വാങ്ങിയ ശേഷമാണെന്ന് സംഘാടകർ
National history congress organising committee rejects kannur university VC
Author
Kannur, First Published Dec 29, 2019, 6:15 PM IST

കണ്ണൂർ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർന്ന ദേശീയ ചരിത്ര കോൺഗ്രസ് വേദിയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ലെന്ന് സംഘാടക സമിതിയുടെ വിശദീകരണം. പരിപാടികൾ തീരുമാനിച്ചത് ഗവർണറുടെ ഓഫീസിന്റെ അംഗീകാരം തേടിയ ശേഷം മാത്രമാണെന്നും അവർ പറഞ്ഞു.

ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് സംഘാടകർ വിശദീകരണവുമായി രംഹത്ത് വന്നത്. ചരിത്ര കോൺഗ്രസിൽ എക്സിക്യുട്ടീവ് കമ്മിറ്റി നിശ്ചയിക്കേണ്ട പരിപാടിയിലടക്കം ഗവർണറുടെ ഓഫീസ് ഇടപെട്ട് മാറ്റം വരുത്തിയെന്നും സംഘാടകർ ആരോപിച്ചു.

ചരിത്ര കോൺഗ്രസിൽ പരിപാടികൾ തീരുമാനിച്ചത് ഗവർണറുടെ ഓഫീസിന്റെ അനുമതി വാങ്ങിയ ശേഷമാണ്. ഗവർണറുടെ ഓഫീസ് അനുമതി നൽകാത്തതിനാൽ കീഴവഴക്കം വരെ മാറ്റിവെച്ചു. എക്സികുട്ടിവ് അംഗങ്ങൾ ഇത്തവണ സദസിൽ ഇരുന്നത് ഇതിനാലാണ്. എക്സികുട്ടിവ് കമ്മിറ്റി നിശ്ചയിക്കേണ്ട പരിപാടിയിലും ഗവർണറുടെ ഓഫീസ് മാറ്റം വരുത്തിയെന്നും സംഘാടകർ കുറ്റപ്പെടുത്തി.

ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടന വേദിയിൽ പ്രോട്ടോകോൾ പ്രകാരം ചരിത്രകാരൻ  ഇർഫാൻ ഹബീബിന്റെ പ്രസംഗം ഉണ്ടായിരുന്നില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി ഡോ: ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് സംഘാടക സമിതി രംഗത്ത് വന്നിരിക്കുന്നത്. ഇർഫാൻ ഹബീബിന്റെ പ്രസംഗത്തിനുൾപ്പെടെ ഗവർണർ മറുപടി പറയാൻ തുനിഞ്ഞതോടെയാണ് ഉദ്ഘാടന വേദിയിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നത്. ഉദ്ഘാടന വേദിയിൽ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും വൈസ് ചാൻസിലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

ഇർഫാൻ ഹബീബിന്റെ പ്രസംഗത്തെക്കൂടി വിമർശിച്ചാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റി വച്ച് പിന്നീട് ഗവർണർ സംസാരിച്ചത്. സ്ഥാനാരോഹണ ചടങ്ങിൽ പുതിയ അധ്യക്ഷനെ ശുപാർശ ചെയ്യാനും പിന്താങ്ങാനും രണ്ട് ചരിത്രാധ്യാപകർ വേദിയിലേക്ക് കയറി. ഇതും ഗവർണറുടെ ഓഫീസിനെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈസ് ചാൻസിലറെ വിളിച്ചു വരുത്തിയ ഗവർണർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

ദേശീയ ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇന്ന് ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി ഗവർണർ ആരിഫ് ഖാൻ അതൃപ്തി അറിയിച്ചിരുന്നു. വൈകീട്ട് രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി. ചരിത്ര കോൺഗ്രസിൽ പ്രതിഷേധക്കാർക്ക് കെകെ രാഗേഷ് എംപിയടക്കം പിന്തുണ കൊടുത്ത സംഭവത്തിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയില്ലെന്ന പരാതിയാണ് ഗവർണർക്കുള്ളത്.

Follow Us:
Download App:
  • android
  • ios