എലപ്പുള്ളിയിലെ കര്‍ഷകര്‍ക്ക് നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍റെ ഇരുട്ടടി. ഉമ വിത്തെന്ന് പറഞ്ഞ് നല്‍കിയത് കലര്‍പ്പു വിത്തും വരിനെല്ലും. പല സമയത്ത് വിരിയുന്ന വിളയായതിനാല്‍ ഇക്കുറി പകുതി വിളപോലും കിട്ടുമോ എന്നാണ് ആശങ്ക.

പാലക്കാട്: എലപ്പുള്ളിയിലെ കര്‍ഷകര്‍ക്ക് നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍റെ ഇരുട്ടടി. ഉമ വിത്തെന്ന് പറഞ്ഞ് നല്‍കിയത് കലര്‍പ്പു വിത്തും വരിനെല്ലും. പല സമയത്ത് വിരിയുന്ന വിളയായതിനാല്‍ ഇക്കുറി പകുതി വിളപോലും കിട്ടുമോ എന്നാണ് ആശങ്ക. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.

എലപ്പുള്ളി ചുട്ടിപ്പാറയില്‍ ആറേക്കര്‍ പാടത്ത് നെല്‍ കൃഷിയാണ് ഉണ്ണികൃഷ്ണന്. കോവിഡ് പ്രതിസന്ധിക്കിടയിലും വലിയ പ്രതീക്ഷയിലാണ് കൃഷിഭവന്‍ വഴി നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ നല്‍കിയ ഉമ വിത്ത് നട്ടത്. നൂറ്റിനാല്പത് ദിവസം കൊണ്ട് കൊയ്തിനു പാകമാകേണ്ട പാടത്ത് അവസ്ഥ പരിതാപകരം.

കിട്ടിയ വിത്ത് കലര്‍പ്പായിരുന്നു. പോരാത്തതിന് വിളവ് ചോര്‍ത്തുന്ന വരിനെല്ലും. പാടം പകുതിയും ഇപ്പോള്‍ വിരിഞ്ഞിറങ്ങിയിരിക്കുന്നു. ഉമ വിത്ത് പാകമാകുമ്പോഴേക്കും ഇവ കൊഴിഞ്ഞു പോകും. ഒരേക്കറില്‍ രണ്ടായിരം കിലോ നെല്ലു കിട്ടുന്നിടത്ത് ആയിരം കിലോ കിട്ടിയാല്‍ ഭാഗ്യം.

നാല്പത് രൂപ അമ്പത് പൈസയ്ക്കാണ് സീഡ് കോര്‍പ്പറേഷന്‍ ഒരുകിലോ വിത്ത് നല്‍കിയത്. പഞ്ചായത്തിന്‍റെ കണക്ക് പ്രകാരം എലപ്പുള്ളിയില്‍ ഇങ്ങനെ 1200 ഏക്കർ പാടത്ത് കലര്‍പ്പ് വിത്ത് ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ഗുണനിലവാരം കുറഞ്ഞ വിത്താണ് വിതരണം ചെയ്തതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. 

നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരത്തെത്തി വിവരം ശേഖരിച്ച് മടങ്ങി. കര്‍ഷകര്‍ക്ക് നല്‍കിയ വിത്തില്‍ അപാകതയുണ്ടെന്ന് കൃഷിഓഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona