മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സമിതി ചെയർമാൻ വെളളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മാസ്കറ്റ് ഹോട്ടലിൽ വച്ചാണ് യോഗം. 

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ചെയർമാൻ കൂടിയായ വെളളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കാൻ കഴിഞ്ഞ യോഗം തീരുമാനിച്ചിരുന്നു. ഇതിന് ശേഷമുള്ള യോഗത്തിൽ ഏതൊക്കെ പുതിയ സംഘടനകള്‍ പങ്കെടുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയില്ല. 

വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കമ്മിറ്റികള്‍ നിലവിൽ വന്നിട്ടുണ്ട്. ഇത് അടക്കമുള്ള സമിതിയുടെ പ്രവർത്തനങ്ങള്‍ യോഗം വിലയിരിത്തും. ജില്ലകള്‍ തോറും നടത്താൻ നിശ്ചയിച്ചിരുന്ന നവോത്ഥാന സദസ്സുകള്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു.