കൊച്ചി: പാലാ സീറ്റ് നിലനിര്‍ത്താണ് എൻസിപി സംസ്ഥാന ദേശീയ നേതൃത്വങ്ങളുടെ പന്തുണ തേടി മാണി സി കാപ്പൻ. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിക്കൊപ്പം എത്തുന്ന സാഹചര്യത്തിൽ പാലാ സീറ്റ് വിട്ട് നൽകേണ്ടി വരുമെന്ന ചര്‍ച്ചകൾ സജീവമായിരിക്കെയാണ് കൊച്ചിയിൽ എൻസിപി സംസ്ഥാന സമിതിയോഗം ചേര്‍ച്ചത്. പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് യോഗത്തിൽ മാണി സി കാപ്പൻ നിലപാടെടുത്തു. ഇതിന് സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണയും തേടി. ദേശീയനേതൃത്വത്തിന്‍റെ പിന്തുണ തേടി മുംബൈയില്‍ പോയ ശേഷമായിരുന്നു മാണി സി കാപ്പൻ ഇന്നത്തെ യോഗത്തിനെത്തിയത്. കാപ്പന്‍റെ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യോഗം പിരിഞ്ഞത്. 

അതേസമയം സിപിഎമ്മുമായി ഭിന്നത ഉണ്ടാക്കരുതെനന്ന് വാദിക്കുന്നവരും എൻസിപിയിലുണ്ട് . സീറ്റുകളുടെ കാര്യത്തില്‍ കടുംപിടുത്തം പിടിച്ച് സിപിഎമ്മിനെ പിണക്കരുതെന്ന അഭിപ്രായം എ കെ ശശീന്ദ്രൻ വിഭാഗം പരോക്ഷമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം പാലാ സീറ്റ് വിഷയം ഇടതുമുന്നണിയിൽ  ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നും എൻസിപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്