കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്ര അധികാരവും പണവും പി.ആർ വർക്കുമുണ്ടായിട്ടും കേരളത്തിൽ എൻഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞുവെന്ന് കവി സച്ചിദാനന്ദൻ. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ രം​ഗത്ത്. 10 കൊല്ലത്തിനിടയില്‍ കേന്ദ്ര അധികാരവും, പണവും പി.ആര്‍ വര്‍ക്കും മാധ്യമ സ്വാധീനവും വര്‍​ഗീയ കാര്‍ഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തില്‍ എന്‍ഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര-മത മൈത്രീ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദമാകണം എന്നല്ല, മറിച്ച് അവരുടെ വോട്ട് ശതമാനം പൂജ്യമാകും വരെ നിരന്തരമായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ രഹസ്യധാരണകളും അട്ടിമറിയും കൊണ്ട് തമിഴ്നാടും ബംഗാളും കേരളത്തിലും ആവര്‍ത്തിക്കാന്‍ കേന്ദ്ര ഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികള്‍ ഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവര്‍ക്ക് അറിയാമല്ലോയെന്നും അദ്ദേഹം കുറിച്ചു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

2016 മുതല്‍ 2026 വരെയുള്ള മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പു കളില്‍ എന്‍ഡിഎ മുന്നണി കേരളത്തില്‍ കരസ്ഥമാക്കിയ വോട്ട് ശതമാനം ഇങ്ങനെയാണ്.

*2016 - 14.93%* (30,20,886)

*2021 - 12.48%* (26,01,069)

*2026 - 11.42%* (24, 66,178)

അതായത്, 10 കൊല്ലത്തിനിടയില്‍ കേന്ദ്ര അധികാരവും, പണവും പി.ആര്‍ വര്‍ക്കും, മാദ്ധ്യമ സ്വാധീനവും വര്‍ഗ്ഗീയ കാര്‍ഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരള ത്തില്‍ എന്‍ഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണുണ്ടായത്.

( ഈ കൃത്യമായ കണക്കുകള്‍ മാദ്ധ്യമ വിദഗ്ധനായ കെ. സഹദേവന്‍ നല്‍കിയത്)

ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര- മത മൈത്രീ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദമാകണം എന്നല്ലാ, അവരുടെ വോട്ട് ശതമാനം പൂജ്യം ആകും വരെ നിരന്തരമായി പ്രവര്‍ത്തിക്കണമെന്നാണ്. ഇല്ലെങ്കില്‍ രഹസ്യധാരണകളും അട്ടിമറിയും കൊണ്ട് തമിഴ് നാടും ബംഗാളും കേരളത്തിലും ആവര്‍ത്തിക്കാന്‍ കേന്ദ്രഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവര്‍ക്ക് അറിയാമല്ലോ.