നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി രണ്ടാഴ്ചമാത്രമാണ് ബാക്കിയുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍  ഡോക്ടര്‍ ആര്‍ വേണുഗോപാലിന്റെ് നേതൃത്വത്തില്‍ വിദഗ്‍ദ സംഘം ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ ഐ ഒ സി ഇന്ധന പൈപ്പുകള്‍ മറയ്ക്കും. പൈപ്പിൽ വെള്ളം നിറയ്ക്കുകയും മണൽചാക്കുകളിട്ട് മൂടുകയും ചെയ്യും. മണ്ണ് പരിശോധന നടത്തിയ ശേഷമേ സ്ഫോടക വസ്തുവിന്‍റെ അളവ് നിശ്ചിയിക്കൂ എന്നും ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ആര്‍ വേണുഗോപാല്‍ അറിയിച്ചു.

നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി രണ്ടാഴ്ചമാത്രമാണ് ബാക്കിയുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡോക്ടര്‍ ആര്‍ വേണുഗോപാലിന്റെ് നേതൃത്വത്തില്‍ വിദഗ്‍ദ സംഘം ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചു. സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്നതിന് മുമ്പായുള്ള അവസാനവട്ട പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

 ഐഒസിയുടെ ഇന്ധന പൈപ്പ് ഫ്ലാറ്റുകളോട് ചേര്‍ന്നാണ് കടന്നു പോകുന്നത്. പൈപ്പുകള്‍ മറക്കേണ്ട കാര്യമില്ലെന്നാണ് സ്ഫോടക വസ്തു വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ റിസ്ക് ഒഴിവാക്കാന്‍ പത്ത് മീറ്ററോളം പൈപ്പുകള്‍ മൂടി മണല്‍ ചാക്കുകള്‍ വെക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. 

ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലെ സ്ഫോടനപദ്ധതിക്ക് അന്തിമരൂപം ആയതായി വേണുഗോപാല്‍ പറഞ്ഞു. അടുത്ത മാസം മൂന്നാം തീയതിയോടെയാവും ഫ്ലാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു തുടങ്ങുക.