പ്രതികൾ ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍, രണ്ടാംപ്രതി നിയാസ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന സൂചന.
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പിടിയിലാകാനുള്ള പൊലീസുകാരുടെ അറസ്റ്റ് നീളുന്നു. പ്രതികൾ ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍, രണ്ടാംപ്രതി നിയാസ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന സൂചന.
കേസിലെ ഒന്നും നാലും പ്രതികള്‍ രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. രണ്ടും മൂന്നും പ്രതികളായ നിയാസും റെജിമോനുമാണ് ഇനിയും അറസ്റ്റിലാകാനുള്ളത്. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടാണ് അറസ്റ്റ് നീളാന്‍ ഒരു കാരണമെന്ന് പറയുന്നു. ഇവര്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.
എന്നാല്‍ നിയാസ് കഴിഞ്ഞ ദിവസവും തൂക്കുപാലത്തെ വീട്ടിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ക്രൈംബ്രാഞ്ച് അറസ്റ്റ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആഭ്യന്തരവകുപ്പിന്‍റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
അതേസമയം, ഐ ജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. കുറച്ചുസമയം കൂടി കാത്തിരിക്കണമെന്നാണ് അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്.
