ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടരും. കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിനെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നടപടികളും അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു.

ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് എസ്ഐ സാബുവിന്റെ കസ്റ്റഡി കാലാവധി. ഇതിനകം ഇയാളിൽ നിന്ന് മുഴുവൻ തെളിവുകളും ശേഖരിച്ച് രാജ്കുമാറിനെ മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐ സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് ഹരിത ഫിനാൻസിലും, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലുമെത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം. 

പ്രതിപ്പട്ടിക വിപുലീകരിക്കുന്ന കാര്യത്തിലും ഇന്ന് വൈകീട്ടോടെ തീരുമാനമാകും. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതിയിലെത്തും. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ചും തുടങ്ങിയിട്ടുണ്ട്. രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചത് ഈ പ്രതികളെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. രാജ്കുമാർ പ്രതിയായ തൂക്കുപാലം സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.