Asianet News MalayalamAsianet News Malayalam

'മോൻസൻ കേസ്' സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം; സിബിഐ അന്വേഷണം വേണമെന്നാവർത്തിച്ച് വി എം സുധീരൻ

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത് എന്നും സുധീരൻ അഭിപ്രായപ്പെട്ടു.

neeeds cbi probe in monson mavunkal case says vm sudheeran
Author
Thiruvananthapuram, First Published Oct 30, 2021, 9:59 AM IST

തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെതിരായ (Monson Mavunkal) കേസ് സിബിഐ അന്വേഷിക്കണമെന്നാവർത്തിച്ച് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ (V M Sudheeran). കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി (Highcourt) നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത് എന്നും സുധീരൻ അഭിപ്രായപ്പെട്ടു.
     
മോന്‍സനുമായി ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും തികച്ചും അപര്യാപ്തവും അപ്രായോഗികവുമാണ്. സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും ബോധ്യപ്പെടുന്നകാര്യവുമാണിത്. ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സി ബി ഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. 

അതേസമയം, ഡിആർഡിഒ ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ മോൻസൻ മാവുങ്കലിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. മോൻസനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ രേഖ വ്യാജമായി നിർമിച്ചതാണെന്ന് മോൻസൻ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. റോക്കറ്റ് നി‍ർമാണത്തിന് ഉപയോഗിക്കുന്ന ലോഹമായ ഇറിഡിയം കൈവശമുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു മോൻസൻ ഡിആർഡിഒയുടെ വ്യാജരേഖ നിർമിച്ചത്. ഈ രേഖ കാണിച്ച് എത്രപേരിൽ നിന്ന് മോൻസൻ പണം തട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.


 

Follow Us:
Download App:
  • android
  • ios