പോത്തുണ്ടി സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും കൂസലില്ലാതെ പ്രതി ചെന്താമര. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കോടതി വിധി കേട്ടത്. വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും കൂസലില്ലാതെ പ്രതി ചെന്താമര. യാതൊരു ഭാവഭേദവുമില്ലാതെയാണ് ചെന്താമര തന്നെ ശിക്ഷിച്ചുള്ള കോടതി വിധി കേട്ടത്. വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. പ്രതി ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതീക്ഷിച്ച വിധിയാണെന്നും പ്രതിക്ക് പരോളും ജാമ്യവും അനുവദിക്കരുതെന്നും മക്കള്‍ പറഞ്ഞു. സജിതയുടെ മക്കള്‍ക്ക് ആരുമില്ലെന്നും സര്‍ക്കാര്‍ ജോലി കൊടുക്കാൻ തയ്യാറാകണമെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. കോടതിയിൽ പോലും പ്രതിയെ പേടിച്ചാണ് നിന്നത്. തൊട്ടടുത്ത് തന്നെയായിരുന്നു പ്രതിയുണ്ടായിരുന്നതെന്നും സരിത പറഞ്ഞു. ചെന്താമരയെ കോടതിയിൽ നിന്ന് പുറത്തിറക്കിയശേഷമാണ് സജിതയുടെ മക്കളും സഹോദരിയുമടക്കമുള്ള വീട്ടുകാര്‍ പുറത്തിറങ്ങിയത്.
ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി
കോടതി വിധിയിൽ തൃപ്‌തരാണെന്നും പ്രതിബദ്ധങ്ങൾ നിരവധിയുണ്ടായിരുന്നുവെന്നും സാക്ഷികളെ മനസിലാക്കി കൊണ്ടുവരാൻ സാധിച്ചുവെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. ശിക്ഷയിൽ ശാസ്ത്രീയ തെളിവുകൾ നിർണായകമായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടു വന്നു. കാലടി പാടുകളും പോക്കറ്റും സുപ്രധാന തെളിവായി. ചെറിയ തെളിവുകൾ പോലും കോടതിയിലെത്തിക്കാനായി. പ്രതിയുടെ ഭാര്യയും സഹോദരനും ഉൾപെടെ ഒരുമിച്ച് നിന്നു. സാമൂഹികനീതി പ്രൊബേഷനൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പ്രതിയുടെ മാനസികനില ഭഭ്രമെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് കുറ്റബോധമില്ലെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഇരട്ടക്കൊലക്കേസിൽ സാക്ഷികൾക്ക് ആത്മവിശ്വാസം പകരുമെന്നും എസ് പി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെയും എസ്‍പി അഭിനന്ദിച്ചു. വിധിയിൽ സംതൃപ്തരാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എംജെ വിജയകുമാര്‍ പറഞ്ഞു. ഞങ്ങൾ പറഞ്ഞനെല്ലാം കോടതി കേട്ടുവെന്നും എംജെ വിജയകുമാര്‍ പറഞ്ഞു.



