തിരുവനന്തപുരം: നേപ്പാളിലെ ദമനിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ചാണ് ഇവർ ഉറങ്ങിയത്. രാവിലെ വാതിൽ തുറക്കാതായപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചു. പ്രതികരണം ഇല്ലാതെ വന്നതോടെ ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ അധികൃതർ മുറി തുറന്നപ്പോൾ എട്ട് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തി.  തുടർന്ന് പൊലീസെത്തി, ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചു. ആശുപതിയിലെത്തിക്കും മുൻപ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.

അപകടത്തിന്റെ കാരണത്തെ കുറിച്ച് ബോധ്യപ്പെടാൻ എം ബിസി ഡോക്ടർ എത്തിയിട്ടുണ്ട്. എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇവർ ഇന്നലെയാണ് സ്ഥലത്തെത്തിയത്. ഇവിടെ നാല് മുറികളിലായാണ് ഇവർ താമസിച്ചിരുന്നത്. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. കാഠ്‌മണ്ടുവിൽ നിന്ന് ഇവിടേക്ക് 80 കിലോമീറ്ററോളം ദൂരമുണ്ട്.