നാല് വർഷത്തോളം കമ്പനിയുടെ നട്ടെല്ലായി പ്രവർത്തിച്ചു. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി പിരിച്ചുവിട്ടു. പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം പോറ്റാൻ ഊബർ ബൈക്ക് ടാക്സി ഓടിക്കേണ്ടി വന്ന ഒരു മാർക്കറ്റിംഗ് മാനേജരുടെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 

കഠിനാധ്വാനവും കമ്പനിയോടു വിശ്വസ്തതയും പുലർത്തിയിട്ടും കാര്യമില്ല, ഏതുനേരവും ജോലി പോകാം എന്ന് തെളിയിക്കുന്നൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ​മാർക്കറ്റിംഗ് മാനേജരായി ജോലി നോക്കിയിരുന്ന യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. നാല് വർഷത്തോളം ഒരു കമ്പനിയുടെ നട്ടെല്ലായി പ്രവർത്തിച്ചിട്ടും, ഒടുവിൽ പിഞ്ചുകുഞ്ഞും കുടുംബവുമായി പെരുവഴിയിലായി എന്നാണ് യുവാവ് പറയുന്നത്. 2021-ലാണ് ഇദ്ദേഹം ഗുഡ്ഗാവിലെ ഈ കമ്പനിയിൽ ചേരുന്നതത്രെ. ഇവിടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ആരും 6-8 മാസത്തിൽ കൂടുതൽ നിൽക്കില്ല എന്ന സഹപ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഏകദേശം നാല് വർഷത്തോളം അദ്ദേഹം അവിടെ തുടർന്നു. വെബ്‌സൈറ്റ്, എസ്‌ഇഒ, ഇവന്റുകൾ, ഗ്രാഫിക്സ് തുടങ്ങി മാർക്കറ്റിംഗ് മേഖലയിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. എപ്പോഴും കമ്പനിയുടെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

കമ്പനി സ്ഥാപകൻ്റെ മകൻ വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അനുഭവപരിചയമില്ലാത്ത 23 -കാരൻ്റെ കീഴിൽ ജോലി ചെയ്യാൻ വിസമ്മതിച്ച് ടീം ലീഡർ രാജിവെച്ചതോടെ കാര്യങ്ങളാകെ അവതാളത്തിലായി. അപ്രൈസലുകൾ നിലച്ചു. ഒടുവിൽ, മാനേജ്‌മെൻ്റിന് തൃപ്തിയില്ല എന്നാരോപിച്ച് അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൾ ജനിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു പിരിച്ചുവിട്ടത്. ജോലി പോയതോടെ ഗുഡ്ഗാവിലെ ഉയർന്ന ജീവിതച്ചെലവ് യുവാവിന് താങ്ങാൻ പറ്റാത്തതായി. അപേക്ഷകളയച്ചെങ്കിലും എച്ച് ആർ അതൊന്നും തിരിഞ്ഞുനോക്കിയില്ല. സമ്പാദിച്ചിരുന്നതെല്ലാം തീരുകയും ചെയ്തതോടെ കുടുംബം പോറ്റാൻ അദ്ദേഹം ഊബർ ബൈക്ക് ടാക്സി ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു.

'ഒരു ദിവസം നിങ്ങൾ ക്യാമ്പെയ്‌നുകളും വെബ്‌സൈറ്റുകളും നിയന്ത്രിക്കുന്നു, ഏതാനും മാസങ്ങൾക്കപ്പുറം വാടക കൊടുക്കാൻ പണമില്ലാതെ അർദ്ധരാത്രിയിൽ ബൈക്ക് ടാക്സി ഓടിക്കുന്നു. ജീവിതം അപ്രതീക്ഷിതമാണ്' എന്നാണ് യുവാവ് ഏറെ വേദനയോടെ കുറിച്ചിരിക്കുന്നത്. എന്തായാലും, നിലവിൽ യുവാവ് ഈ പ്രതിസന്ധികളെ അതിജീവിച്ചു കഴിഞ്ഞു. ഫ്രീലാൻസ് ജോലികൾ തുണയായെന്നും, പിന്നീട് പഴയ കമ്പനിയിൽ വീണ്ടും ചേർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും ആ കാലഘട്ടം നൽകിയ വലിയൊരു പാഠം അദ്ദേഹം പങ്കുവെക്കാൻ മറന്നില്ല, 'ആദരവില്ലാത്ത വിശ്വസ്തത ഒരു മനുഷ്യനെ ഉള്ളിൽ നിന്ന് സാവധാനം നശിപ്പിക്കും'.

നിരവധിപ്പേരാണ് കോർപറേറ്റ് ലോകത്ത് നിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള തിരിച്ചടികളെ കുറിച്ചും സമാനമായ അനുഭവങ്ങളെ കുറിച്ചും കമന്റ് നൽകിയിരിക്കുന്നത്.