പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. ഓന്തമ്മല ഊരിലെ കുമാരൻ - ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. ഇന്നലെ അര്‍ദ്ധ രാത്രി ആശുപത്രിയിലെത്തിക്കും മുമ്പാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്കും മാറ്റും. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയത് കൊണ്ടാമെന്ന് സംശയമുണ്ട്. എന്നാല്‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാക്കാനാകൂ എന്നാണ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. 

ഈ വര്‍ഷം അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഇത്. കഴി‍ഞ്ഞ കൊല്ലം 14 ശിശു മരണമാണ് അട്ടപ്പാടിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ നവജാത ശിശു പരിപാലന പരിശീലനം പരിപാടി  സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമായി എന്നതില്‍ ആശങ്കയിലാണ് അട്ടപ്പാടിക്കാര്‍ പോലും.