കൊച്ചി: എറണാകുളത്ത് പുതിയ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് വാർഡ് 4, 14, 
തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ  വാർഡ് 17 എന്നിവയാണ് പുതിയകണ്ടെയിൻമെന്റ് സോണുകൾ. അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 19നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

രോഗവ്യാപനം കൂടുന്നതിനിടെ എറണാകുളം ജില്ലയിലെ കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തൃക്കാക്കരയിലെ അനാഥാലയത്തില്‍ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അനാഥാലയങ്ങള്‍ക്കായി ഹെല്‍പ്പ് ഡസ്ക് തയ്യാറാക്കും. ഇവിടങ്ങളില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എറണാകുളത്ത് രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. ചെല്ലാനത്ത് ആശങ്കയൊഴിയുന്നുവെന്ന ശുഭപ്രതീക്ഷയാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ പ്രകടിപ്പിക്കുന്നത്. സ്ഥിതി ഒരാഴ്ചക്കകം നിയന്ത്രണ വിധേയമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രതീക്ഷ. എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 69 പേർക്കാണ്. ഇതിൽ അറുപത് പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്.