തിരുവനന്തപുരം: കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. 14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള ദില്ലി ആസ്ഥാനമായ ജിനോമിക് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം.

ആര്‍ എൻ എ വൈറസിന്‍റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തിയാണ് പുതിയ പഠനം. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകൾ , ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വൻസിങ് ചെയ്യും. സ്രവ സാംപിൾ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍ എച്ച് എം ചെയ്യും. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക

ബ്രിട്ടനില്‍ കണ്ടെത്തിയ അതി വേഗ വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടുന്നതായോ മരണ നിരക്ക് കൂടുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ചികില്‍സ രീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. അതേസമയം പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സന്പര്‍ക്ക പട്ടിക തയാറാക്കുന്നതിലും കണിശത ഉറപ്പാക്കേണ്ടി വരും.