അരിക്കൊമ്പനിപ്പോള്‍ ഇവിടെയാണ്! ഏറ്റവും പുതിയ വിവരങ്ങളുമായി തമിഴ്നാട് വനവംകുപ്പ്, പുതിയ ദൃശ്യങ്ങളും പുറത്ത്
അരിക്കൊമ്പനെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളിയാണ് തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലെത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പനെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളിയാണ് തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. ആനയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിന്റെ എതിർദിശയിലാണ് ഇപ്പോൾ അരിക്കൊമ്പന്റെ സഞ്ചാരം. അപ്പർകോതയാർ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
രണ്ട് ദിവസമായി ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ ഇന്നലെ അപ്പർ കോതയാറിലേക്ക് മടങ്ങിപ്പോയിരുന്നു. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിൽ ജാഗ്രത തുടരും.
മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന ആക്രമണം നടത്തി. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയായി നിരീക്ഷിച്ചത്. ചെങ്കുത്തായ മലനിരകൾ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റർ അകലെയുള്ള നെയ്യാറിൽ അരിക്കൊമ്പൻ എത്തില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിരീകരണം.
അരിക്കമ്പം ഉപേക്ഷിച്ച് അരിക്കൊമ്പൻ! കേരളത്തിലേക്ക് തിരികെ വരുമോ? വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്
തിരിച്ചു പോകാൻ കൂട്ടാക്കാതെ അരിക്കൊമ്പൻ; ജനവാസ മേഖലയിൽ തന്നെ, ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്