09:11 AM (IST) Jul 14

കോട്ടയത്ത് യുവതി മരിച്ചതിൽ പരാതി

പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായ യുവതിയുടെ മരിച്ചു. കോട്ടയം മാന്തുരുത്തി സ്വദേശി ആതിര ബാബുവാണ് മരിച്ചത്. ജനുവരി 11ന് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെ അണുബാധയെ തുടർന്ന് രണ്ട് വൃക്കകളും തകരാറിലായി. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മരണകാരണം പ്രസവ ശസ്ത്രക്രിയയിൽ വന്ന പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നു.

09:08 AM (IST) Jul 14

എല്ലാം ഡീലെന്ന് കോൺഗ്രസ്

ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍. ശ്രീധരന്‍റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ

09:08 AM (IST) Jul 14

പിടിവാശിയില്ലെന്ന് എകെ ബാലൻ

സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീധരൻറ ബദൽ സിപിഎം - ബിജെപി ഡീലിൻറെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു

09:07 AM (IST) Jul 14

പിടി 7 ആനയ്ക്ക് കാഴ്ചയില്ല!

പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടി വരും. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. 

09:07 AM (IST) Jul 14

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്

09:06 AM (IST) Jul 14

ദില്ലി വെള്ളപ്പൊക്കം തുടരും

ഹത്നികുണ്ട് ജലസംഭരണിയിൽ നിന്ന് കൂടുതൽ ജലം തുറന്നു വിട്ടതോടെ യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇതോടെ ദില്ലിയിലടക്കം വെള്ളക്കെട്ട് ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ വെള്ളം താഴുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാൽ ഹരിയാന ഹത്നികുണ്ട് അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിട്ടതോടെ പ്രശ്നം രൂക്ഷമാകും.