തിരുവനന്തപുരം: കുളത്തുപ്പുഴ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എൻജിഒ അസോസിയേഷൻ അംഗമല്ലെന്ന് സംഘടനാനേതൃത്വം. ഇത്തരത്തിലുളള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മനപൂർവ്വം സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

അതേസമയം പ്രദീപ് എൻജിഒ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനുള്ള ചെന്നിത്തലയുടെ വിവാദ മറുപടിക്കെതിരെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ വിവാദ പ്രസ്‍താവന. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്‍താവന.

ചെന്നിത്തലയുടെ വാക്കുകൾ കടുത്ത പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. സ്ത്രീവിരുദ്ധമായ പ്രസ്താവന പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.

ചെന്നിത്തലയുടെ നിലപാട് സ്ത്രീ സമൂഹത്തോടുളള കടുത്ത  വെല്ലുവിളിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. പരാമർശം മര്യാദയില്ലാത്തതാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. എന്നാൽ പ്രസ്താവനയിൽ ഖേദപ്രകടനം നടത്താൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഡിവൈഎഫ്ഐക്കാർ മാത്രമല്ല എൻജിഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ചെന്നിത്തല വാർത്താകുറിപ്പിലൂടെ വിശദീകരിച്ചു.