കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇയാളെ അല്പ സമയം മുമ്പാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെപോലെ ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എൻഐഎ പ്രതിചേർത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഖത്തറിൽ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാൻ എൻഐഎ നോട്ടീസ് നൽകിയിരുന്നു. ഇന്ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇയാളെ അല്പ സമയം മുമ്പാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെപോലെ ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു. കേസിൽ ഫൈസൽ ഉൾപ്പടെ മൂന്ന് പേരെ എൻഐഎ പ്രതി ചേർത്തിരുന്നു.

ഫൈസലിന്‍റെ വീട്ടില്‍ അന്വേഷണ ഏജൻസി ഇന്നലെ പരിശോധന നടത്തിയിരുന്നു. മകൻ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മുഹമ്മദ് ഫൈസലിന്‍റെ അമ്മ ജമാനത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സ് പഠിച്ച ശേഷമാണ് ഫൈസല്‍ ഖത്തറിലെത്തിയത്. ഓച്ചിറ വവ്വാക്കാവിലാണ് മുഹമ്മദ് ഫൈസലിന്‍റെ വീട്. ഉമ്മ ജമാനത്ത് മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഫൈസലിന്‍റെ പിതാവ് വിദേശത്താണ്. 

ഫൈസലിന്‍റെ എല്‍പി വിദ്യാഭ്യാസം കളരിവാതുക്കല്‍ സ്കൂളിലായിരുന്നു. അഞ്ച് മുതല്‍ പത്ത് വരെ ജിദ്ദയില്‍ പഠിച്ചു. സ്കൂള്‍ വിഭ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെ കൊല്ലത്ത് എത്തി പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നെങ്കിലും പാസായില്ല. തുടര്‍ന്നാണ് മൂന്നരമാസം മുൻപ് ഖത്തറിലേക്ക് പോകുന്നത്. വിദേശത്ത് പേകാനാണ് ഫയര്‍ ആന്‍റ് സേഫ്റ്റി കോഴ്സ് പഠിച്ചത്. 

ഫൈസലിനെ പിന്തുടര്‍ന്ന് എൻഐഎയും ഇന്‍റലിജൻസും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ടായിരുന്നു. പരിശോധനകള്‍ നടത്താൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്‍റെ ഐഎസ് ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്. ഈ വീട്ടില്‍ നിന്നും രേഖകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് അറിയുന്നത്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്‍റെ പങ്കിനെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്.