Asianet News MalayalamAsianet News Malayalam

സിസിടിവികളും സെർവർ മുറിയും പരിശോധിച്ചു, സെക്രട്ടേറിയറ്റിലെ എൻഐഎ പരിശോധന അവസാനിച്ചു

സെർവർ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷതമാണോ എന്നാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചുള്ള ക്യാമറകളും പരിശോധിച്ചു

nia inspection in thiruvananthapuram secretariat completed
Author
Thiruvananthapuram International Airport (TRV), First Published Sep 1, 2020, 5:31 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധന പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ സിസിടിവികളും സെർവർ മുറിയും പരിശോധിച്ചു. അന്വേഷണത്തിന് ആവശ്യമായി ദൃശ്യങ്ങള്‍ ഏതൊക്കെ വേണമെന്ന് പിന്നീട് രേഖാമൂലം അറിയിക്കും. സ്വർണ്ണക്കടത്ത് കേസിൽ ഇത് മൂന്നാം തവണയാണ് എൻഐഎ സെക്രട്ടറിയേറ്റിലെത്തുന്നത്. 

രാവിലെ പത്ത് മണിയോടെയാണ് എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. ഐടി സെക്രട്ടറിയുടെ സാന്നിധ്യത്തിലുള്ള  പരിശോധന. വൈകീട്ട് മൂന്നു മണിവരെ പരിശോധന നീണ്ടു.  സെർവർ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷതമാണോ എന്നാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചുള്ള ക്യാമറകളും പരിശോധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട ഏതൊക്കെ ദൃശ്യങ്ങള്‍ വേണമെന്ന കാര്യം പിന്നീട് അറിയാക്കാമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പൊതുഭരണവകുപ്പിനെ അറിയിച്ചു. ദൃശ്യങ്ങളിൽ എൻഐഎ വീണ്ടും പരിശോധന നടത്തുമെന്ന് വ്യക്തമാണ്. 

സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന.  കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വ‍ർഷത്തെ ദൃശ്യങ്ങള്‍ പക‍ർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. ഇത് വലിയരാഷ്ട്രീയവിവാദമായിരുന്നു. അതിനിടെയാണ് എൻഐഎ എത്തിയത്. ഒരു വർഷത്തെ മുഴുവൻ ദൃശ്യങ്ങളും പകർത്തുന്നതിലെ സാങ്കേക ബുദ്ധിമുട്ട് പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതായി പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

Follow Us:
Download App:
  • android
  • ios