തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്. 

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന. ഒന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഹോളോബ്രിക്സ ഗോഡൌണിലാണ്, മറ്റൊന്ന് വണ്ടൂരിലുള്ള ഒരു വീട്ടിലാണ്. ഫെബ്രുവരി 7ന് തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ഒരു ലോറിയിൽ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. അത് ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്. ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തിരുന്നു. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്‍റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നത്. 

കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലാണ് പരിശോധന. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണിത്. 

കോഴിക്കോട് മുക്കം എരഞ്ഞിമാവിൽ, എരഞ്ഞിമാവ് സ്വദേശി ഹാരിസിൻ്റെ എരഞ്ഞിമാവിൽ പ്രവർത്തിക്കുന്ന എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും ആണ് എൻഐഎ പരിശോധന നടക്കുന്നത്. രണ്ടു മാസം മുൻപ് കൊണ്ടോട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന

കണ്ണൂർ ചെറുപുഴയിലും എൻ ഐ എ പരിശോധന. ചെറുപുഴ ചുണ്ടേൽ സ്വദേശി അനിൽ കുമാറിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പുലർച്ചെ 5 മണിയോടെ എത്തിയ എൻ ഐ എ സംഘം 7 മണിയോടെ മടങ്ങി. മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് റെയ്ഡ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming