Asianet News MalayalamAsianet News Malayalam

ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്, ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണ് എൻഐഎ പറയുന്നത്. 

NIA raid in eight places in kerala
Author
Kannur, First Published Mar 15, 2021, 5:50 PM IST

കണ്ണൂര്‍: മലയാളി ഉൾപ്പെട്ട ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് കേരളത്തിൽ എട്ടിടങ്ങൾ ഉൾപ്പടെ രാജ്യത്ത് 11 സ്ഥലങ്ങളിൽ എൻഐഎ റെയിഡ്. മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടെന്നും എൻഐഎ പറയുന്നു. റെയിഡിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയെന്നും എൻഐഎ അറിയിച്ചു.

ഐഎസ് ആശയപ്രചാരണം വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് എൻഐഎ കേസ്.  കേസുമായി ബന്ധപ്പെട്ട് കേരളം , ദില്ലി, ക‍ർണാടക സംസ്ഥാനങ്ങളിലാണ് റെയിഡ് നടന്നത്. കേരളത്തിൽ മലപ്പുറം, കാസ‍ർകോട്, കണ്ണൂർ കൊല്ലം എന്നിവിടങ്ങളിലും ദില്ലിയിൽ ജാഫ്രറാബാദ്, ബെംഗുളൂരൂ എന്നിവടങ്ങളിലുമാണ് പരിശോധന നടന്നത്.  കേസിലെ പ്രധാന പ്രതിയെന്ന് ആരോപിക്കുന്ന  മുഹമ്മദ് അമീനുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലാണ് കേരളത്തിൽ റെയിഡുകൾ നടന്നത്. 

മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും. കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാൻ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടെന്നും എൻഐഎ ആരോപിക്കുന്നു. റെയിഡിൽ ലാപ്പ്ടോപ്പ്, മൊബൈൽ , സിംകാർഡുകൾ, പെൻഡ്രൈവ്, എന്നിവ കൂടാതെ ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. കേസിൽ ഏഴ് പേരെയാണ് എൻഐഎ പ്രതിചേർത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios