Asianet News MalayalamAsianet News Malayalam

Night Curfew Kerala : പുതുവത്സരം പ്രമാണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ, ഇന്ന് പരിശോധന കടുപ്പിക്കാൻ പൊലീസ്

ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

Night Curfew in new year night kerala strict restrictions for dj party
Author
Thiruvananthapuram, First Published Dec 31, 2021, 6:52 AM IST

തിരുവനന്തപുരം/കൊച്ചി: പുതുവത്സരം (New Year) പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.

കർശന നിയന്ത്രണം, ഹോട്ടലുകളെയും ക്ലബ്ബുകളെയും ബാധിക്കും 

ഒമിക്രോണ്‍ ഭീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും ഡിജെപാർട്ടികള്‍ക്ക് ഏർപെടുത്തിയ നിയന്ത്രണവും ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയും ക്ലബ്ബുകളെയുമാണ്. പുതുവത്സരാഘോഷത്തിന് സംസ്ഥാനത്തേക്ക് വരാനിരുന്ന ടൂറിസ്റ്റുകളില്‍ പലരും ബുക്കിംഗ് ഒഴിവാക്കി. ഹോട്ടലുകളില്‍ പകുതിലേറെയും മുറികൾ  ഒഴിഞ്ഞുകിടക്കുകയാണ്. 

കൊവിഡ് നിയന്ത്രണവും ഡിജെ പാര്‍ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന‍്റെ കര്‍ശന നിലാപടുമാണ് പ്രധാന കാരണം. മിസ് കേരള അടക്കം കൊല്ലപ്പെട്ട കാറപകടത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില് ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസ് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു.ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടി പ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പുണ്ടായി. പാർട്ടികള്‍ക്ക് പത്ത് മണിവരെ സമയപരിധിയും നിശ്ചയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാർ രാത്രികാല കര്‍ഫ്യൂവും നടപ്പിലാക്കുന്നത്. 

രാത്രി പത്ത് മണിക്ക് ശേഷം കൂട്ടം ചേരാന്‍ പാടില്ലെന്ന നിർദ്ദേശത്തോടെ ഡിജെ പാര്‍ട്ടികള്‍ തന്നെ പലരും വേണ്ടെന്നും വെച്ചു. പുലര്‍ച്ചെ വരെ നീളുന്ന ആഘോഷങ്ങൾ നടക്കില്ലെന്ന് വന്നതോടെ വിദേശികളും ഇതരസംസ്ഥാനങ്ങളില്‍ന നിന്നുള്ള ടൂറിസ്റ്റുകളും കേരളത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കി തുടങ്ങി. ലോക്ഡൗണില്‍ നിന്നും കരകയറി തുടങ്ങുന്ന ഹോട്ടലുകള്‍ക്ക് ഇത് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്. 

നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനുള്ള  പൊലീസിന്‍റെയും സര്‍ക്കാരിന‍്റെയും തീരുമാനം പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണിടും. ബീച്ചുകള്‍ ,ഷോപ്പിംഗ് മാളുകള്‍. പാർക്കുകൾ, ക്ലബ്ബുകള്‍ എന്നിവിടങ്ങളിൽ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ച് ആഘോഷങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കികഴിഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം  അതാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചട്ടം. ഇതോടെ പുതുവത്സരാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കേണ്ടി വരും.

Follow Us:
Download App:
  • android
  • ios