വധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ 2017ല്‍ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. 

സനാ(യമന്‍): യമന്‍ പൗരനെ (yemen citizen) കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കെപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ )Nimisha Priya) സമര്‍പ്പിച്ച അപ്പീല്‍ സനായിലെ (sanaa) കോടതി ഇന്ന് പരിഗണിക്കും. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഹര്‍ജിക്കാരിക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുളള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്. 2017ല്‍ യമന്‍ പൗരനെ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. മനപൂര്‍വമായിരുന്നില്ലെന്നും തടവിലാക്കി മര്‍ദിച്ചഘട്ടത്തില്‍ രക്ഷപെടാനാണ് ശ്രമിച്ചതെന്നുമാണ് നിമിഷ പ്രിയയുടെ വാദം.

വധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ 2017ല്‍ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം. അപ്പീല്‍ കോടതിയിലെ വാദം പൂര്‍ത്തിയായി.

ഹര്‍ജിക്കാരിയുടെ അഭിഭാഷകന് കൂടുതലായെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനാണ് തിങ്കളാഴ്ച അപ്പീല്‍ വീണ്ടും പരിഗണിക്കുന്നത്. വിചാരണക്കോടതി നല്‍കിയ മരണ ശിക്ഷ ശരിവെച്ചാല്‍ യമനിലെ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ അപ്പീല്‍ കോടതിയിലേതടക്കം വിസ്താര നടപടികളില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കൗണ്‍സില്‍ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹര്‍ജി സുപ്രീംകൗണ്‍സില്‍ പരിഗണിക്കാറില്ല.