കൊച്ചിയിലെ യുവാവിന് നിപ ബാധിച്ചത് വവ്വാലുകളില്‍ നിന്നാകാനുളള സാധ്യത മാത്രമെയുളളൂ. ഉറപ്പില്ല. ഈ സാഹചര്യത്തില്‍ വവ്വാലുകളെ പിടികൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ അര്‍ത്ഥമിലല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറയുന്നത്.
തിരുവനന്തപുരം: കൊച്ചിയിലെ നിപ വൈറസിന്‍റെ സ്രോതസിന്‍റെ കാര്യത്തില്‍ അവ്യക്തതയുളളതിനാല്‍ വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമെ സാമ്പിളെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. രോഗത്തിന്‍റെ സ്രോതസ് സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നുളള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും.
നിപ വൈറസ് പടരുന്നത് പ്രധാനമായും വവ്വാലുകളിലൂടയാണെങ്കിലും പന്നികളിലൂടെയും സസ്തനികളായ മറ്റു ജീവികളിലൂടെയും രോഗം പടരാമെന്നാണ് പഠനങ്ങള്‍ .അതായത് കൊച്ചിയിലെ യുവാവിന് നിപ ബാധിച്ചത് വവ്വാലുകളില്‍ നിന്നാകാനുളള സാധ്യത മാത്രമെയുളളൂ. ഉറപ്പില്ല. ഈ സാഹചര്യത്തില്‍ വവ്വാലുകളെ പിടികൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ അര്‍ത്ഥമിലല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറയുന്നത്.
കോഴിക്കോട് നിപ ബാധിച്ച് ആദ്യം മരിച്ച സാബിത്തും സഹോദരന്‍ സാലിഹും വനാതിര്‍ത്തിയിലുളള പുരയിടത്തിലെ കിണര്‍ വൃത്തിയാക്കിയ ശേഷമാണ് പനി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ഈ പ്രദേശത്തു നിന്നുളള വവ്വാലുകളുടെ രക്ത സാംപിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ കൊച്ചിയിലെ രോഗബാധിതനായ യുവാവിന് ഇത്തരമൊരു പശ്ചാത്തലമില്ല.
അതേസമയം, കോഴിക്കോട് നിന്നയച്ച ആദ്യ സാംപിളുകള്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മേഖലയിലെ 22 ശതമാനത്തോളം വവ്വാലുകളില്‍ നിപ രോഗാണുക്കള്‍ ഉണ്ടാകാമെന്ന റിപ്പോര്‍ട്ട് പിന്നീട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഭോപ്പാല്‍ ലാബില്‍ നിന്നുമുളള വിധഗ്ധര്‍ നാളെ കൊച്ചിയിലും തൊടുപുഴയിലുമെത്തും.
