കൊച്ചി: നിപ ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ആരാഗ്യവകുപ്പ്. അതിനിടെ, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന നാല് പേരിൽ ഒരാളെക്കൂടി ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇനി മൂന്ന് പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 

നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരിൽ നിന്ന് മൂന്ന് പേരെക്കൂടി ഇന്ന് ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തിലായിരുന്ന 330 പേരിൽ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ആകെ 283 പേരാണ് ഇപ്പോൾ വിവിധ സ്ഥലങ്ങളിലായി ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിൽ ഉള്ളത്.

അതേസമയം, നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയിൽ 2029 പേർക്ക് ട്രയിനിങ് നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 33625 ആയി. നിപ സാഹചര്യങ്ങൾ പൂർണമായും നിയന്തണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.