രാജി ആവശ്യം സഭയിൽ ഉന്നയിക്കുമെന്നും ജോസ് കെ മാണി വിഭാഗം ആത്മ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിചാരണ നേരിടുമ്പോള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. രാജി ആവശ്യം സഭയിൽ ഉന്നയിക്കുമെന്നും ജോസ് കെ മാണി വിഭാഗം ആത്മ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

നിയമസഭ കയ്യാങ്കളി കേസിലെ യുഡിഎഫിന്‍റെ നിലപാട് തന്നെയാണ് സുപ്രീംകോടതിയും ഇന്ന് സ്വീകരിച്ചത്. നിയമസഭയില്‍ നടക്കുന്ന ആക്രമസംഭവങ്ങളില്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യുഡിഎഫ് ഉന്നയിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു മന്ത്രിയും ഒരു എംഎല്‍എയും ഉള്‍പ്പെടെ ആറ് പേര്‍ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നിയമസഭയിലെ അംഗങ്ങള്‍ക്ക് പ്രിവിലേജ് ഉണ്ടെങ്കില്‍ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാല്‍ കേസെടുക്കാന്‍ കഴിയില്ലെ എന്നാണ് തങ്ങള്‍ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീംകോടതി ഇന്ന് ആവര്‍ത്തിച്ചത്. ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാല്‍ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ല. സഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരന്നും ചെയ്യുന്ന കുറ്റകൃത്യം വിചാരണക്ക് വിധേയമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.