മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതിൽ തെറ്റില്ല. പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുത്.
കൊല്ലം : ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുന്നതിനെ വിമർശിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. സാധാരണക്കാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ഇടിഞ്ഞു വീഴുമ്പോൾ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതിൽ തെറ്റില്ല. പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുതെന്നും പ്രേമചന്ദ്രൻ തുറന്നടിച്ചു.
കേരളത്തിലെ മന്ത്രിമാർ ധാർഷ്ട്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ പെരുമാറുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് മന്ത്രിമാരായ വാസവനും വീണ ജോർജിനും എതിരെ കേസെടുക്കണം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെക്കണം. അല്ലെങ്കിൽ ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം.
ഗുരുതരമായ ഒരു വിഷയത്തിൽ എങ്ങനെയാണ് എം.വി ഗോവിന്ദന് മന്ത്രിമാരെ ന്യായീകരിക്കാൻ കഴിയുന്നത് ? എന്ത് പറഞ്ഞാലും ചെയ്താലും സിപിഎം ന്യായീകരിക്കും. എന്ത് തോന്നിവാസം കാണിച്ചാലും പിന്തുണക്കും. ടിപി ചന്ദ്രശേഖരനെ വെട്ടി നുറുക്കിയതിനെയും ന്യായീകരിച്ച പാർട്ടിയാണിതെന്നും പ്രേമചന്ദ്രൻ ഓർമ്മിപ്പിച്ചു.

