ദില്ലി: ശബരിമല വിഷയം ലോക്സഭയിലേക്ക്. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യബില്ലായി യുവതി പ്രവേശനം ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.  ശബരിമല ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍നില നിന്ന ആചാരങ്ങള്‍ അതേപോലെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബില്ലെന്ന് പ്രേമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് കേരളത്തിലുള്ളവർക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ശബരിമലയിലെ ആചാരങ്ങൾ പഴയ പടിയാക്കുക എന്നത്.  ജൂൺ 21ന് 17-ാം ലോക്സഭയില്‍ ബില്ലവതരിപ്പിക്കാനുള്ള ആദ്യദിവസം തന്നെ ഈ ബില്‍ അവതരിപ്പിക്കും. ബില്‍ കൊണ്ടു വരുന്നതിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുകയാണ് യുഡിഎഫെന്നും ഇതൊരു ചരിത്ര നിയോഗമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരില്‍ ബില്‍ അവതരിപ്പിക്കുന്നത്.

സാധാരണ സ്വകാര്യബില്ലുകള്‍ ലോക്സഭയില്‍ പാസ്സാവാറില്ല. ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് നേരത്തെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു ഈ സാഹചര്യത്തില്‍ പ്രേമചന്ദ്രന്‍റെ ബില്ലിനോട് കേന്ദ്രസര്‍ക്കാര്‍ എന്ത് സമീപനം സ്വീകരിക്കും എന്ന് കണ്ടറിയണം.