Asianet News MalayalamAsianet News Malayalam

ഫലം വരുന്നതിന് മുമ്പ് സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കി; നടപടിയെടുക്കാതെ എംജി സർവകലാശാല

അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷ് 54 ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയത്.

no action against mg university syndicate member who procured answer sheets before publishing result
Author
Kottayam, First Published Nov 25, 2019, 6:22 AM IST

കോട്ടയം: എംജി സര്‍വകലാശാലയില്‍ ഫലം വരുന്നതിന് മുമ്പ് സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചട്ടവിരുദ്ധമായി എംകോമിന്‍റെ 31 ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ട സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ്, പരീക്ഷാവിഭാഗത്തില്‍ നിന്നെടുത്തത് 54 എണ്ണമാണന്ന് കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടത്തിയിട്ടും സിൻഡിക്കേറ്റംഗത്തിനെതിരെ ഇതുവരെയും ഒരന്വേഷണവും സര്‍വകലാശാലയോ സര്‍ക്കാരോ നടത്തിയിട്ടില്ല.

അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകള്‍ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ ഒപ്പിട്ട് കത്ത് നൽകിയത് ഒക്ടോബര്‍ നാലിന്. എംകോമിന്‍റെ 12 ഉത്തരക്കടലാസുകള്‍ രേഖകളില്ലാതെ ആദ്യം സംഘടിപ്പിച്ച ഡോ ആര്‍ പ്രഗാഷ് വിസിയുടെ കത്തോട് കൂടി 31 എണ്ണം ആവശ്യപ്പെട്ടു.

എന്നാല്‍ പരീക്ഷ വിഭാഗത്തില്‍ നിന്നും എടുത്തത് 54 ഉത്തരക്കടലാസുകള്‍. സര്‍വകലാശാല നടത്തിയ രഹസ്യാന്വേഷണത്തിലാണ് കണ്ടെത്തല്‍. പരീക്ഷാ വിഭാഗത്തിലെ ചിലരുടെ സഹായം ഇതിന് ലഭിച്ചെന്നും അന്വേഷണത്തിലുണ്ട്. ഇതില്‍ അന്ന് ഫലം പ്രസിദ്ധീകരിക്കാത്ത കോന്നി എസ്എഎസ് കോളേജിലെയും സെന്‍റ് തോമസ് കോളേജിലെയും പേപ്പറുകള്‍ ഉള്‍പ്പെടും. ചില കോളേജുകളില്‍ അന്ന് ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പുനര്‍മൂല്യ നിര്‍ണ്ണയം നടന്നിരുന്നില്ല.

സര്‍വകലാശാല ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത ക്രമക്കേട് നടത്തിയ സിൻഡിക്കേറ്റംഗത്തിനെതിരെല്ല സര്‍വകലാശാല അന്വേഷണം നടത്തിയത്. പകരം ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ടുള്ള സിൻഡിക്കേറ്റംഗത്തിന്‍റെ കത്ത് പരസ്യപ്പെടുത്തിയത് ഏത് ഉദ്യോഗസ്ഥനെന്ന് അറിയാനായിരുന്നു തിടുക്കം. മൂന്ന് കമ്പ്യൂട്ടറുകളില്‍ നിന്നാണ് കത്ത് പുറത്ത് പോയതെന്ന കണ്ടെത്തലില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സിൻഡിക്കേറ്റംഗങ്ങളില്‍ നിന്ന് താക്കീതുണ്ടായി. ഉത്തരക്കടലാസുകള്‍ മടക്കി നല്‍കിയെന്ന് സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ് പറയുമ്പോഴും ഈ വിഭാഗത്തില്‍പ്പെട്ട എംകോം നാലാം സെമസ്റ്ററിന്‍റെ ഒരു പേപ്പറായ ടാക്സേഷന്‍റെ ഫലം ഇന്ന് വരെ പ്രസിദ്ധീകരിക്കാൻ സര്‍വകലാശാലയ്ക്ക് ആയിട്ടില്ല. ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട പരീക്ഷാ വിഭാഗത്തിലേക്ക് മടങ്ങിയെത്തിയോ എന്നും സംശയമുണ്ട്. 

Follow Us:
Download App:
  • android
  • ios