കോട്ടയം: കോട്ടയം മേലുകാവില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ കുടുംബത്തിന് നീതി നിഷേധം. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ സംഭവം നടന്ന് മൂന്ന് മാസമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിഷയത്തില്‍ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി മേലുകാവ് എസ്ഐയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. 
 
മകനെ മര്‍ദ്ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാൻ മരിച്ച രാജേഷിന്‍റെ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. മോഷണ സംഘം ഉപയോഗിച്ച കാര്‍ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയതാണ് രാജേഷ് ചെയ്ത കുറ്റം. മോഷണ സംഘത്തെപ്പിടിക്കാതെ രാജേഷിനെ പിടിച്ച മേലുകാവ് പൊലീസ് അദ്ദേഹത്തെ തല്ലിച്ചതച്ചു എന്നാണ് പരാതി. 

ജാമ്യത്തിലിറങ്ങിയ രാജേഷ് പൊലീസ് അതിക്രമത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. പൊലീസിനെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷിന്‍റെ ആത്മഹത്യ. മാര്‍ച്ച് 19 ന് കസ്റ്റഡിയിലെടുത്ത രാജേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് 21 നാണ്. വൈദ്യ പരിശോധനയില്‍ മര്‍ദ്ദനമേറ്റെന്ന് വ്യക്തമായിരുന്നു. 

മേലുകാവ് എസ്ഐ സന്ദീപാണ് മര്‍ദ്ദിച്ചതെന്ന് രാജേഷിന്‍റെ അച്ഛൻ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സംഭവത്തില്‍ ഇന്‍റലിജൻസ് എഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജൂണ്‍ 7 ന് ഉത്തരവിട്ടു.