Asianet News MalayalamAsianet News Malayalam

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോ​ഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും നടപടികളില്ല

കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാരുന്ന പെരുമ്പാവൂർ സ്വദേശി 85കാരനായ കുഞ്ഞപ്പൻ കഴിഞ്ഞ 14നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാൻ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തിൽ പുഴുക്കളെ കണ്ടതെന്ന് മകൻ അനിൽകുമാർ പറയുന്നു

no action has been taken despite a complaint in the incident that the body of a covid patient was infested with worms
Author
Kochi, First Published Sep 20, 2021, 8:16 AM IST

കൊച്ചി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മ‌രിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹത്തിൽ പുഴുവരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകി നാല് ദിവസമായിട്ടും തുടർ നടപടിയില്ലെന്ന് കുടുംബം. ആരോഗ്യവകുപ്പും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാരുന്ന പെരുമ്പാവൂർ സ്വദേശി 85കാരനായ കുഞ്ഞപ്പൻ കഴിഞ്ഞ 14നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാൻ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തിൽ പുഴുക്കളെ കണ്ടതെന്ന് മകൻ അനിൽകുമാർ പറയുന്നു. തുടർന്ന് അധികൃതർ ധൃതിപിടിച്ച് സംസ്കാരം നടത്തി. ഇതിന് പിന്നാലെ 16ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല കളക്ടർ, പട്ടികജാതി കമ്മീഷൻ എന്നിവർക്കെല്ലാം കുടുംബം പരാതി അയച്ചു. പക്ഷേ ഒരു നടപടിയും ഉണ്ടായിട്ടില്ല.

പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ഒരു തവണ വിളിച്ച് വിവരം തേടി. പൊലീസിന്‍റെ ഭാഗത്ത് നിന്നും പിന്നീട് അനക്കമില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ നടപടി എടുക്കും വരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. എന്നാൽ ആരോപണം അടിസ്ഥാനരഹിതവും മെഡിക്കൽ കോളേജ് ആശുപത്രിയെ അപകീർത്തിപ്പെടുത്താനുള്ളതുമാണെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios