Asianet News MalayalamAsianet News Malayalam

രജനിക്ക് ക്യാന്‍സറില്ല, സ്വകാര്യ ലാബിന്‍റെ പരിശോധനാഫലം തെറ്റെന്ന് അന്തിമ റിപ്പോർട്ട്

കുടശനാട് സ്വദേശി രജനിയ്ക്ക് ക്യാൻസറില്ലെന്ന് പൂർണ്ണമായും തെളിഞ്ഞു. നീക്കം ചെയ്ത മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല.

no cancer in final report for rajani
Author
Kottayam, First Published Jun 6, 2019, 7:14 PM IST

തിരുവല്ല: തെറ്റായ രോ​ഗ നിര്‍ണ്ണയം നടത്തി കീമോ ചെയ്ത യുവതിക്ക് ക്യാൻസറില്ലെന്ന് അന്തിമ റിപ്പോർട്ട്. നീക്കം ചെയ്ത മാറിടത്തിലുണ്ടായ മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല. പന്തളത്തിനടുത്തെ കുടശനാട് സ്വദേശിനിയായ രജനിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ പതോളജി ലാബിലെ പരിശോധനാ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

ഡയനോവ എന്ന് പേരുള്ള സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു രജനിയ്ക്ക് കീമോ തെറാപ്പി ചെയ്തത്.  മാറിടത്തിലുണ്ടായ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നൽകി. കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിൽസ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.no cancer in final report for rajani

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. 

കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി. കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും യുവതി നേരിടുന്നുണ്ട്. മുടിമുഴുവൻ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്.

ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്നും സ്ഥിതി ഗുരുതരമാകുന്നതിന് മുൻപ് ചികിൽസ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. എന്നാൽ  ക്യാൻസറിന്‍റെ തുടക്ക സ്റ്റേജ് പരിശോധനയിൽ കണ്ടെത്തിയെന്നും തുടര്‍ ചികിത്സയിൽ ഭേദമായതാകാമെന്നുമാണ് ഡയനോവ ലാബിന്‍റെ വിചിത്ര ന്യായീകരണം.

Follow Us:
Download App:
  • android
  • ios