തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ എൽഡിഎഫ് യുഡിഎഫിനെ പിന്തുണക്കില്ല.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണക്കില്ല. ഒന്നിച്ചുള്ള അവിശ്വാസ പ്രമേയ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ അംഗസംഖ്യയിൽ മൂന്നിലൊന്ന് പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കുകയുള്ളൂ. എൽഡിഎഫ് കൂടി പിന്തുണച്ചാലേ പ്രമേയ നോട്ടീസിന് സാധുതയുള്ളൂ.
20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ തനിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയില്ല. 101 അംഗ കോർപറേഷനിൽ 34 പേർ ഒപ്പിടണം. കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവന്നാൽ ഭാവിയിൽ ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഇരു പക്ഷത്തിനും ആശങ്കയുണ്ട്. അതിനിടെ അവിശ്വാസ പ്രമേയം വന്നാൽ എങ്ങനെ നേരിടണമെന്ന് നിർണായക കൂടിയാലോചനകൾ നടത്തുകയാണ് ബിജെപി.
പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിൽ അധികം അംഗങ്ങൾ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . എൽഡിഎഫിനും യുഡിഎഫിനും കൂടിയുള്ളത് 49 അംഗങ്ങൾ. കൂടെ ഒരു സ്വതന്ത്രനും ഉണ്ട്. ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേരുണ്ട്. സ്വന്തന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെയാണ് 50. കൗൺസിലിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് വേണം.
ബിജെപിയുടെ കൌണ്‍സിലർ സുഗതൻ കാപ്പ കേസിലാണ് ജയിലിലാണ്. ഇതോടെയാണ് ബിജെപിയുടെ കേവല ഭൂരിപക്ഷം പ്രതിസന്ധിയിലായത്. അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥനാണ് അറിയിച്ചത്. അവിശ്വാസത്തെ നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി. മറുപക്ഷത്തു നിന്ന് ആരെയെങ്കിലും സ്വന്തം ചേരിയിൽ എത്തിക്കുമോ എന്നത് ഉൾപ്പെടെ അറിയാനിരിക്കുന്നതേയുള്ളൂ.
കെ എസ് ശബരീനാഥൻ പറഞ്ഞത്...
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ആറ് മാസം പൂർത്തിയാകുമ്പോൾ ഭരണസ്തംഭനവും കെടുകാര്യസ്‌ഥതയുമാണ് ഭരണസമിതിയുടെ മുഖമുദ്രയെന്ന് ശബരീനാഥൻ വിമർശിച്ചു . 'മാറാത്തത് മാറും' എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർക്ക് നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനോ തെരുവുനായ പ്രശ്നത്തിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം നൽകുവാനോ കഴിഞ്ഞിട്ടില്ല. ഭാവിയുടെ നഗരമായി തിരുവനന്തപുരത്തെ ഉയർത്തുവാനുള്ള ഒരു കാഴ്ചപ്പാടും ഈ ഭരണ സമിതിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കോടികളുടെ വികസന വാഗ്ദാനങ്ങൾ തിരുവനന്തപുരത്തുകാർക്ക് നൽകിയ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ഇപ്പോൾ മൗനത്തിലാണ്. നഗരസഭയുടെ ഈ ഭരണ സ്തംഭനത്തിനെതിരെ തിങ്കളാഴ്ച ജൂൺ 29ന് രാവിലെ നഗരസഭ കവാടത്തിന് മുന്നിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. നഗരസഭ ഭരണ സമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ഇതിന്റെ തുടർ നടപടികൾ ജൂൺ 29 ലെ സമരത്തിന് ശേഷം തീരുമാനിക്കും എന്നും പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ കെ എസ് ശബരീനാഥൻ അറിയിച്ചു.

