Asianet News MalayalamAsianet News Malayalam

ആർക്കെല്ലാം സീറ്റ് നഷ്ടപ്പെടും? കേരളത്തിലെ ആ അഞ്ച് ലോക്സഭാ സീറ്റുകളിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കും

വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്‌ നിലപാട്.  

no decision taken by congress in five loksabha seats including wayanad pathanamthitta mavelikara kannur alappuzha apn
Author
First Published Feb 29, 2024, 1:15 PM IST

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു സീറ്റിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. പത്തനംതിട്ടയിലും മാവേലിക്കരയിലും പുതിയ സ്ഥാനാർത്ഥികൾ വേണോ എന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിൽ ആശയക്കുഴപ്പം ഏറി. വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്‌ നിലപാട്.  

വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്. വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോൺഗ്രസിന്റെ അഭിപ്രായം. രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരിൽ സുധാകരൻ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ  നിർദ്ദേശമാണ്. കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാൽ സുധാകരന് നേരിയ വിമുഖതയുണ്ട്. അനുയായിയെ പിൻഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാർട്ടി അംഗീകരിക്കണമെന്നില്ല. 

ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്. ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല. ഇക്കാര്യത്തിലും തീരുമാനം ആകാത്തതിനാൽ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന പാർട്ടിക്ക് നടത്താനും കഴിയുന്നില്ല. 

പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും വീണ്ടും മത്സരിക്കുന്നതിലും പാർട്ടിയിൽ ഭിന്നഭിപ്രായമുണ്ട്. 9 തവണ മത്സരിച്ച കൊടിക്കുന്നിലിനെ മാറ്റുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജയ സാധ്യത ചൂണ്ടിക്കാട്ടി, പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും കുരുക്കുണ്ട്. ഇന്ന് ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യങ്ങൾ ഉയർന്നിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios