തിരുവനന്തപുരം: എറണാകുളത്തെ കുന്നത്തുനാട് ഭൂമി ഇടപാടിൽ കർശന നിർദ്ദേശവുമായി റവന്യൂമന്ത്രി. താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂസെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി. സ്ഥലം മണ്ണിട്ട് നികത്തിയ കമ്പനിക്കനുകൂലമായി എജി നൽകിയ നിയമോപദേശം റവന്യൂവകുപ്പിന് ഇതുവരെ കൈമാറിയില്ല.

കുന്നത്ത്നാട് വില്ലേജിൽ 18 ഏക്കർ നിലം സ്വകാര്യ കമ്പനി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുകയാണ്. നിലനികത്തിൽ പ്രതിപക്ഷം  ഇന്നലെ സഭയിൽ സർക്കാരിനെ പ്രതികൂട്ടിൽ നിർത്തിയപ്പോഴും മുഖ്യമന്ത്രി മറുപടിയൊന്നും പറഞ്ഞില്ല. എജി നിയമപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കളക്ടർ നിലംനികത്തലിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ഇതിനിരെ റവന്യൂ സെക്രട്ടറിക്ക് നൽകിയ അപ്പീലാണ് കമ്പനിക്ക് അനുകൂലമായി തീരുമാനമുണ്ടായത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ച് റവന്യൂമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് വീണ്ടും നിയമപദേശം തേടിയിരുന്നു. എന്നാൽ മന്ത്രിയെ തള്ളിയും റവന്യൂസെക്രട്ടറിയുടെ നടപടി ശരിവച്ചുമാണ് എജിയുടെ രണ്ടാമത്തെ നിയമപദേശം സർക്കാരിന് നൽകിയത്.

എന്നാൽ ഈ ഉപദേശം ഇന്നുവരെ കണ്ടിട്ടില്ലെന്നാണ് റവന്യൂമന്ത്രിുടെ ഓഫീസ് പറയുന്നത്.  റവന്യൂമന്ത്രിയുടെ ഓഫീസറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിടപെട്ട് ഫയലുകള്‍ നീക്കുന്നവെന്നാണ് ആരോപണം. ഇതിനിടെയാണ് താനറിയാതെ കുന്നത്തുനാട് ഭൂമിയുമായി ബന്ധപ്പെട്ട ഒരു ഫയലും നീക്കരുതെന്ന് റവന്യൂമന്ത്രി രേഖമൂലം റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മന്ത്രിക്ക് പിന്തുണമായി സിപിഐ സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി. എജിയുടെ നിയമോപദേശം അന്തിമമല്ലെന്നും ഇതിനേക്കാൽ വലിയ നിയമപദേശകരുണ്ടെന്നുമായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം.