തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പകിട്ട് കുറയുമെങ്കിലും ഓണാഘോഷം ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാര്‍ പട്ടിണിപ്പാവങ്ങളെ തഴഞ്ഞെന്ന് ആക്ഷേപം. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന് വച്ചിരിക്കുകയാണ് സര്‍ക്കാര്‍ .അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട  ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവരെല്ലാം കിറ്റ് ഇത്തവണ ഇല്ലെന്ന വിവരം അറിയാതെ സപ്ലെയ്കോ ഔട്ട് ലെറ്റിൽ എത്തി വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

ബിപിഎൽ അടക്കം പതിനാറ് ലക്ഷം പേർക്ക്  ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി.ഈ ഓണത്തിന് അതും ഇല്ലാതാകുകയാണ്. ധനവകുപ്പിന്‍റെ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടാണ് സൗജന്യ കിറ്റ് വിതരണം വേണ്ടെന്ന് വച്ചതെന്നാണ് സപ്ലെയ്കോ വിശദീകരിക്കുന്നത്. അതേ സമയം മറ്റ് പല സൗജന്യങ്ങളും  അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ്  ഓണക്കിറ്റ് ഇത്തവണ ഒഴിവാക്കിയതെന്നും സര്‍ക്കാറും പറയുന്നു.

"