പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാനാവുമെന്നും മുന്നണിയിൽ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ സീറ്റ് നിർണയത്തിൽ തർക്കങ്ങളില്ല.  വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാത്രമാണ് അവിടെ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.  

കെ.സുധാകരൻ്റേയും മുരളിധരൻ്റേയും പരസ്യപ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആന്തൂരടക്കം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് എതിർകക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ വാക്കുകൾ - 

സ്പ്രീംക്ലർ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയമിച്ചത് നേരത്തെ ഇതേക്കുറിച്ച് അന്വേഷിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ്. മാധവൻ നമ്പ്യാർ കമ്മിറ്റി സ്പ്രിംക്ലർ ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ കണ്ടത്തിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരി വയ്ക്കുന്നതായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. കരാറുമായി ബന്ധപ്പെട്ടുള്ള സർക്കാർ വാദങ്ങൾ പൊളിച്ച ടുക്കുന്ന കണ്ടെത്തലുകൾ മാധവൻ നമ്പ്യാർ റിപ്പോർട്ടിലുണ്ട്. 

സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ ഉള്ളത് കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വരും  മുമ്പ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. ശിവശങ്കരനാണ് സ്പ്രീംക്ലർ തട്ടിപ്പിന് പിന്നിൽ. ഇതെല്ലാം മുഖ്യമന്ത്രിയും ശിവശങ്കരനും കൂടിയുള്ള കൂട്ടുക്കച്ചവടമാണ്. ഏറെ കൊട്ടിഘോഷിച്ചു കൊണ്ടു വരുന്ന കെ റെയിൽ പദ്ധതിയും വലിയ അഴിമതിയാണ്.  

കൃഷിഭൂമികൾ ഇല്ലാതാക്കാനുള്ള പദ്ധതിയാണിത്. റവന്യു മന്ത്രി പോലും കെ റെയിലിനെ എതിർക്കുകയാണ്. സർക്കാരിനെ വിമർശിച്ചാൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന അവസ്ഥയാണുള്ളത്.  ഈ നിലപാടിനെ എന്ത് വില കൊടുത്തും നേരിടും. കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് നിലവിലുള്ളത്.