Asianet News MalayalamAsianet News Malayalam

പുത്തുമലയിലേത് ഉരുള്‍പൊട്ടലല്ല, അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്

നിരവധി മനുഷ്യരുടെ ജീവനും ഒട്ടേറെ വസ്തുവകകളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റെന്ന് മണ്ണ് സംരക്ഷ വകുപ്പ് പറയുന്നു. 

no landslide in puthumala new report
Author
Wayanad, First Published Aug 13, 2019, 6:00 AM IST

വയനാട്: പുത്തുമലയിൽ സംഭവിച്ചത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. 

നിരവധി മനുഷ്യരുടെ ജീവനും ഒട്ടേറെ വസ്തുവകകളും ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുൾപൊട്ടലെന്ന് വിളിക്കുന്നത് തെറ്റെന്ന് മണ്ണ് സംരക്ഷ വകുപ്പ് പറയുന്നു. ചെരിഞ്ഞ പ്രദേശങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം മർദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുൾപൊട്ടൽ. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾപൊട്ടൽ നാഭിയെന്നാണ് വിളിക്കുക. എന്നാൽ പുത്തുമലയിൽ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്.

ഏകദേശം അഞ്ച് ലക്ഷം ടൺ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റർ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നത് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. 

20% മുതൽ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ശരാശരി 1.50 മീറ്റർ മാത്രണ് മേൽ മണ്ണിന്‍റെ കനം. അടിയിൽ ഉറച്ച പാറയും. മുറിച്ച മരങ്ങളുടെ വേരുകൾ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം പറയിലേക്ക് ഒഴുകിയിറങ്ങി. കൃഷിക്കായുള്ള മണ്ണിളക്കൽ കൂടി നടന്നതോടെ മണ്ണിന്‍റെ ജലാഗിരണ ശേഷി വർദ്ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയിൽ നിന്ന് വേർപെട്ടു.  പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios