പഠനാനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

കണ്ണൂർ: പഠനാനാവശ്യത്തിനായി മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടം നടന്നിട്ട് ഇതുവരെയും ജനപ്രതിനിധികളോ പൊലീസോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അനന്തുവിന്റെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന പന്നിയോട് കോളനിയിൽ മെബൈലിന് റേഞ്ചില്ല. എഴുപതിലധികം കുട്ടികൾക്ക് പഠനം കഴിഞ്ഞ വർഷം മുടങ്ങി. മുഖ്യമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും മൊബൈലിന് റെയ്ഞ്ച് ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു. 

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പെട്ട കണ്ണവം വനമേഖലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. പന്നിയോട് കുറിച്യ ആദിവാസി കോളനിയിലെ പത്താം ക്ലാസ് പാസായ പി അനന്തു ബാബു പഠനാവശ്യത്തിന് മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയതായിരുന്നു. ഇരൂൾ മരത്തിന്റെ പത്ത് മീറ്റർ ഉയരത്തിൽ നിന്നും കാൽ തെന്നി താഴേ പാറക്കൂട്ടത്തിലേക്ക് വീണു. കുട്ടിയെ കൂത്തുപറമ്പും കണ്ണൂരും മുള്ള സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി. സൗകര്യങ്ങളില്ലെന്ന് അറയിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നട്ടെല്ലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. 

പന്നിയോട് കുറിച്യ കോളനിയിൽ നൂറ്റിരണ്ട് കുടുംബങ്ങളുണ്ട്. ഇതിൽ സ്കൂളിലും കോളേജിലുമായി പോകുന്ന എഴുപത്തി രണ്ട് കുട്ടികളാണ് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. ഉൾവനത്തിൽ ഏറുമാടം കെട്ടിയൊക്കെയാണ് കഴിഞ്ഞ വർഷം കുട്ടികൾ പഠിച്ചത്. മൊബൈൽ ടവർ സ്ഥാപിക്കാനായി പ്രദേശത്തെ ജനപ്രതിനിധികളെയും ജില്ലാകളക്ടറെയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona